Writer - razinabdulazeez
razinab@321
മസ്കത്ത്: മസ്കത്തിലെ മത്ര കേബിൾ കാർ പദ്ധതിയുടെ നിർമാണം അവസാന ഘട്ടത്തിലേക്ക് കടന്നു. ഈ വർഷം ആദ്യ പാദത്തിന്റെ അവസാനത്തിൽ പദ്ധതി പ്രവർത്തനക്ഷമമാകും. അഞ്ച് കിലോമീറ്റര്‍ ദൂരത്തിൽ മത്രയുടെ മുഴുവൻ ഭംഗിയും മുകളിൽ നിന്ന് ആസ്വദിക്കാവുന്ന തരത്തിലാണ് പദ്ധതിയുടെ രൂപകൽപന.
നിരവധി വ്യൂ പോയിന്റുകളും ചരിത്ര സ്ഥലങ്ങളുമുള്ള മത്ര സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതായിരിക്കും കേബിള്‍ കാര്‍. നഗരം മുഴുവനായും മുകളില്‍ നിന്ന് കാണാൻ കഴിയുന്ന രീതിയിലാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. കോര്‍ണിഷിലെ ഫിഷ് മാര്‍ക്കറ്റ് സ്റ്റാന്‍റിൽ നിന്നാണ് യാത്ര ആരംഭിക്കുക. മൂന്ന് സ്‌റ്റേഷനുകളാണ് ഉണ്ടാവുക. ആദ്യത്തേത് തുറമുഖത്തിനും മത്സ്യ മാര്‍ക്കറ്റിനും സമീപവും രണ്ടാമത്തേത് അല്‍ റിയാം പാര്‍ക്കിന് പിന്നിലെ പര്‍വത ശിഖരത്തിലുമാണ്. മൂന്നാമത്തേത് ഹേ അല്‍ വാര്‍ഡിലും.
പദ്ധതി ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരത്തേക്ക് ഇംഗീഷ് അക്ഷരമാലയിലെ 'വി' പോലെയായിരിക്കും. സുഖകരമായ താപനിലയിൽ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് കേബിൾ കാർ ക്യാബിനുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. പോർട്ട് സ്റ്റേഷൻ മുതൽ മൗണ്ടൻ സ്റ്റേഷൻ വരെയും മൗണ്ടൻ സ്റ്റേഷൻ മുതൽ ഫ്ലവർ പാർക്ക് വരെയും രണ്ട് റൂട്ടുകളിലായിരിക്കും സർവീസ്. രണ്ട് റൂട്ടുകൾക്കിടയിലുള്ള ഒരു ഇന്റർചേഞ്ച് സ്റ്റേഷനായി മൗണ്ടൻ സ്റ്റേഷൻ പ്രവർത്തിക്കും. സ്റ്റാൻഡേർഡ് കേബിൾ കാർ ക്യാബിനുകളിൽ എട്ട് സീറ്റുകളും, വിഐപി ക്യാബിനുകളിൽ നാല് സീറ്റുകളുമാണ് ഉണ്ടാവുക.