ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോ; ഒരുക്കങ്ങൾ പൂർത്തിയായി

പ്രദർശനത്തിൽ പങ്കെടുക്കാനായി വിമാനങ്ങളും വിവിധ ടീമുകളും രാജ്യത്തെത്തി.

Update: 2022-11-07 19:22 GMT
Advertising

മനാമ: ആകാശത്ത് വിസ്മയക്കാഴ്ചകൾ സമ്മാനിക്കാൻ ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഈ മാസം ഒമ്പത് മുതൽ 11വരെ സഖീർ എയർബേസിൽ നടക്കുന്ന എയർ ഷോയിൽ മാനത്ത് ദ്യശ്യവിസ്മയമൊരുക്കാൻ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ കമ്പനികളും വിമാനങ്ങളും സജ്ജമായിക്കഴിഞ്ഞു.

പ്രദർശനത്തിൽ പങ്കെടുക്കാനായി വിമാനങ്ങളും വിവിധ ടീമുകളും രാജ്യത്തെത്തി. യു.എ.ഇയിലെ ഫുർസാൻ ഗ്രൂപ്പ്, സൗദി ഈഗിൾ ഗ്രൂപ്പ്, പാകിസ്താൻ വായുസേനയുടെ വിമാനങ്ങൾ, ഗ്ലോബൽ സ്റ്റാർ ഗ്രൂപ്പ് വിമാനങ്ങളാണ് ഇതിനകം രാജ്യത്തെത്തിയത്. സഖീർ എയർബേസിൽ ഇവയുടെ പരിശീലനങ്ങളും സജീവമായി. വരുന്ന രണ്ടു ദിവസം കൂടുതൽ വിമാനങ്ങൾ എത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന വിപുലമായ എയർഷോയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ഏവിയേഷൻ കമ്പനികളാണ് അണിനിരക്കുന്നത്. ഗതാഗത, ടെലികോം മന്ത്രാലയം, ബഹ്റൈൻ റോയൽ എയർ ഫോഴ്സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ്‌ എയർ ഷോയുടെ സംഘാടനം.

ലോകത്തെ വൻകിട വിമാന കമ്പനികളിൽ നിന്നുള്ള മാനേജ്മെൻ്റ് പ്രതിനിധികളൂം വ്യോമയാന പ്രതിരോധ മേഖലയിലെ പ്രമുഖരും നിക്ഷേപകരും എയർഷോയിൽ പങ്കെടുക്കും. രണ്ടു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കാറുള്ള പ്രദർശനം അവസാനമായി 2018ലാണ് നടന്നത്. 150ഓളം സിവിൽ, സൈനിക വിമാനങ്ങൾ വ്യോമാഭ്യാസ പ്രദർശനത്തിനെത്തുമ്പോൾ അന്താരാഷ്ട്ര എയറോബാറ്റിക് ടീമുകളുടെ പ്രകടനവും കാണികൾക്ക് വിസ്മയക്കാഴ്ചയൊരുക്കും.

പ്രദർശനത്തോടനുബന്ധിച്ച് വിവിധ കലാപ്രദർശനങ്ങളും കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയിലും ഹോട്ടൽ വ്യവസായ രംഗത്തും ഉണർവ് പകരുന്ന പ്രദർശനം രാജ്യത്തിൻ്റെ സമ്പദ് മേഖലയുടെ വളർച്ചയ്ക്കും കരുത്ത് പകരും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News