സഹായവുമായി 49 ഖത്തർ ട്രക്കുകൾ ഗസ്സയിലേക്ക്; ഒരു ലക്ഷത്തിലേറെ പേർക്ക് ഗുണഫലം ലഭിക്കും
ഈജിപ്തിലും ജോർദാനിലുമാണ് സഹായം വഹിച്ചുള്ള ട്രക്കുകൾ നിലവിലുള്ളത്
ദോഹ: ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിലേക്ക് കൂടുതൽ സഹായവുമായി ഖത്തർ. അവശ്യവസ്തുക്കൾ അടങ്ങിയ 49 ട്രക്കുകളാണ് ഗസ്സയിലെത്തുന്നത്. ഒരു ലക്ഷത്തിലേറെ പേർക്ക് സഹായത്തിന്റെ ഗുണഫലം ലഭിക്കും.
മുപ്പതിനായിരത്തോളം പേർക്ക് ഗുണഫലം ലഭിക്കുന്ന 4704 ഫുഡ് പാർസലുകൾ, അമ്പതിനായിരം പേർക്കുള്ള ഭക്ഷണക്കൂടകൾ, 43000 ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന 174 ടൺ ധാന്യപ്പൊടികൾ, അയ്യായിരം യൂണിറ്റ് ബേബി ഫുഡ് എന്നിവയാണ് ഖത്തറിന്റെ സഹായം. ഈജിപ്തിലും ജോർദാനിലുമാണ് സഹായം വഹിച്ചുള്ള ട്രക്കുകൾ നിലവിലുള്ളത്. കെറം ഷാലോം, റഫ അതിർത്തി വഴി ഇവ വൈകാതെ ഗസ്സയിൽ പ്രവേശിക്കും.
മാസങ്ങൾ നീണ്ട ഉപരോധത്തന് ശേഷം, ഗസ്സയിലേക്ക് സഹായമെത്തിക്കുന്നതായി മാനുഷിക ഇടനാഴി തുറക്കാൻ കഴിഞ്ഞ ദിവസം ഇസ്രായേൽ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫലസ്തീനികൾക്കുള്ള സഹായമെത്തുന്നത്. ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെന്റ്, ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് എന്നീ സംഘടനകളുമായി ചേർന്നാണ് ഖത്തറിന്റെ സഹായവിതരണം.
ഗസ്സ വിഷയത്തിൽ കഴിഞ്ഞ ദിവസം യുഎൻ രക്ഷാ സമിതിയിൽ ഇസ്രായേൽ നിലപാടിനെ ഖത്തർ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഫലസ്തീനികൾക്കെതിരെ ഭക്ഷണവും പട്ടിണിയും ജൂതരാഷ്ട്രം യുദ്ധമായുധമായി ഉപയോഗിക്കുന്നു എന്നായിരുന്നു ഖത്തറിന്റെ വിമർശനം. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ അനിവാര്യമാണെന്നും ഖത്തർ സ്ഥിരം പ്രതിനിധി ചൂണ്ടിക്കാട്ടിയിരുന്നു.