അറബ് കപ്പ് ടൂര്‍ണമെന്‍റ്; ടീമുകൾ ഖത്തറില്‍ എത്തിത്തുടങ്ങി

പങ്കെടുക്കുന്ന 16 ടീമുകളുടെയും സംഘങ്ങളെ ഫിഫ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവിധ ടീമുകളിലായി 368 താരങ്ങളാണുള്ളത്.

Update: 2021-11-26 17:23 GMT
Editor : abs | By : Web Desk

2022 ലോകകപ്പിന്‍റെ സന്നാഹമെന്ന നിലയില്‍ ഫിഫ ഖത്തറില്‍ സംഘടിപ്പിക്കുന്ന അറബ് കപ്പ് ടൂര്‍ണമെന്‍റിന് വരുന്ന ചൊവ്വാഴ്ച്ച തുടക്കമാകും. കിക്കോഫിന് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ടീമുകള്‍ ദോഹയില്‍ എത്തിത്തുടങ്ങി. ഒമാന്‍ ഇറാഖ് ടീമുകളാണ് ഇന്ന് ദോഹയില്‍ വിമാനമിറങ്ങിയത്.

ടൂര്‍ണമെന്‍റ് സംഘാടകര്‍ ചേര്‍ന്ന് ടീമുകള്‍ക്ക് സ്വീകരണമൊരുക്കി. പലസ്തീന്‍ ടീം ദിവസങ്ങള്‍ക്ക് മുമ്പെ തന്നെ ദോഹയിലെത്തി പരിശീലനം തുടങ്ങിയിരുന്നു. ഖത്തറിലെ സൗകര്യങ്ങളിലും ലോകകപ്പിൻെറ തയ്യാറെടുപ്പിലും ഫലസ്തീൻ കോച്ച് മക്രം ദബൗബ് മതിപ്പ് പ്രകടിപ്പിച്ചു. ലോകകപ്പ് വേദികളിൽ കളിക്കാനും, ഏറ്റവും മികച്ച സൗകര്യങ്ങളിൽ പരിശീലിക്കാനും കഴിയുന്നത് അഭിമാനം നൽകുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആതിഥേയരായ ഖത്തറും സൗദിയും കരുത്തരായ ഈജിപ്തുമുള്‍പ്പെടെ 16 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പോരിനിറങ്ങുക. അതേസമയം സൂപ്പര്‍ താരങ്ങളായ മോസലാ, റിയാദ് മെഹ്റസ് എന്നിവരില്ലാതെയാണ് ഈജിപ്ത് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന 16 ടീമുകളുടെയും സംഘങ്ങളെ ഫിഫ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവിധ ടീമുകളിലായി 368 താരങ്ങളാണുള്ളത്.



Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News