ഫിഫ അറബ് കപ്പ് ആദ്യ ക്വാർട്ടർ ഫൈനലുകൾ ഇന്ന്
സ്വപ്നക്കുതിപ്പ് തുടരുമോ ഫലസ്തീൻ? ഫലസ്തീൻ - സൗദി മത്സരം വൈകിട്ട് എട്ടരയ്ക്ക്
ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പിന്റെ ആദ്യ ക്വാർട്ടർ ഫൈനലുകൾ ഇന്ന്. ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഗ്രൂപ്പ് ബി ജേതാക്കളായ മൊറോക്കോ ഗ്രൂപ്പ് എ രണ്ടാംസ്ഥാനക്കാരായ സിറിയയോട് പോരാടും. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് കളി. ഖത്തർ സമയം വൈകീട്ട് 5.30 നാണ് മത്സരം.
രണ്ടാമത്തെ മത്സരത്തിൽ ഗ്രൂപ്പ് എ ജേതാക്കളായ ഫലസ്തീൻ ഗ്രൂപ്പ് ബി രണ്ടാംസ്ഥാനക്കാരായ സൗദി അറേബ്യയെ നേരിടും. ലുസൈൽ സ്റ്റേഡിയത്തിൽ ഖത്തർ സമയം 8.30 നാണ് മത്സരം.
വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഗ്രൂപ്പ് സി ജേതാക്കളായ ജോർദാൻ ഗ്രൂപ്പ് ഡി രണ്ടാംസ്ഥാനക്കാരായ ഇറാഖിനോട് ഏറ്റുമുട്ടും. മത്സരം എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് ഖത്തർ സമയം 5.30 മുതലാണ്.
അന്ന് നടക്കുന്ന മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഗ്രൂപ്പ് ഡി ജേതാക്കളായ അൽജീരിയയും ഗ്രൂപ്പ് സി രണ്ടാംസ്ഥാനക്കാരായ യുഎഇയും നേർക്കുനേർ വരും. അൽബൈത്ത് സ്റ്റേഡിയത്തിൽ വെച്ച് രാത്രി 8.30 നാണ് മത്സരം.