ഇന്ത്യാ കപ്പ് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നടത്തി
ഖത്തർ ഇന്ത്യൻ സ്‌പോർട്‌സ് സെന്ററിന്റെ നേതൃത്വത്തിൽ ഇന്ത്യാ കപ്പ് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നടത്തി. 12 രാജ്യങ്ങളിൽനിന്നുള്ള ബാഡ്മിന്റൺ താരങ്ങൾ പങ്കെടുത്തു. ബാഡ്മിന്റൺ ഇതിഹാസം പുല്ലേല ഗോപീചന്ദായിരുന്നു സമാപന ചടങ്ങിലെ ആകർഷണം. ഖത്തറിൽ ഗോപീചന്ദ് അക്കാദമിയുടെ പ്രഖ്യാപനവും ജേഴ്‌സി അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു.
12 രാജ്യങ്ങളിൽ നിന്നുള്ള നാനൂറ് ബാഡ്മിന്റൺ താരങ്ങളാണ് ഇന്ത്യാ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. അന്താരാഷ്ട്ര താരങ്ങളുടെ സാന്നിധ്യം ടൂർണമെന്റിന്റെ പകിട്ട് കൂട്ടി. ആകെ 50,000 ഖത്തർ റിയാലാണ് സമ്മാനമായി നൽകിയത്. 6 വയസുമുതൽ 12 വയസ് വരെയുള്ളവർക്കായി ടാലന്റ് ഹണ്ടും സംഘടിപ്പിച്ചു.
നൈജീരിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ അംബാസഡർമാർ, ഖത്തർ ബാഡ്മിന്റൺ അസോസിയേഷൻ പ്രതിനിധികൾ, അൽ അറബി സ്‌പോർട്‌സ് ക്ലബ് പ്രതിനിധികൾ എന്നിവർ സമാപന ചടങ്ങിൽ മുഖ്യാഥിതികളായിരുന്നു. ഡിഫൻസ് അറ്റാഷെയും ഐ.എസ്.സി ചീഫ് കോഡിനേറ്റിങ് ഓഫീസറുമായ ക്യാപ്റ്റൻ മോഹൻ അറ്റ്‌ല ചടങ്ങ് ഉദ്ഘാടനം ചെയ്തു. മോഹൻ തോമസ്, സഫീറു റഹ്‌മാൻ, ടി.എസ് ശ്രീനിവാസ് എന്നിവർ നേതൃത്വം നൽകി.