'തൊഴിലാളി ചൂഷണം'; ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ആരോപണങ്ങള്‍ തള്ളി ഖത്തര്‍ തൊഴില്‍ മന്ത്രാലയം

തൊഴില്‍ മേഖലയില്‍ മറ്റുരാജ്യങ്ങള്‍ പതിറ്റാണ്ടുകള്‍ കൊണ്ടുണ്ടാക്കിയ മാറ്റങ്ങളാണ് ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഖത്തറുണ്ടാക്കിയത്

Update: 2022-05-23 06:49 GMT
Advertising

ലോകകപ്പിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ജോലി ചെയ്ത തൊഴിലാളികളെ ഖത്തര്‍ ചൂഷണം ചെയ്തതായും, ഇതിന് ഫിഫ നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ടുള്ള ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ ഖത്തര്‍ തൊഴില്‍ മന്ത്രാലയം തള്ളി.

തൊഴില്‍ മേഖലയില്‍ മറ്റുരാജ്യങ്ങള്‍ പതിറ്റാണ്ടുകള്‍ കൊണ്ടുണ്ടാക്കിയ മാറ്റങ്ങളാണ് ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഖത്തറുണ്ടാക്കിയത്. സമഗ്രവും സുസ്ഥിരവുമായ മാറ്റം ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങള്‍ ഖത്തര്‍ തുടരും. ഈ പരിഷ്‌കാരങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാണ്.

അന്താരാഷ്ട്ര തൊഴില്‍ സംഘടന, എന്‍ജിഒകള്‍, അന്താരാഷ്ട്ര തൊഴിലാളി യൂണിയനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മാറ്റങ്ങള്‍ കൊണ്ടുവന്നത്. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ ഖത്തര്‍ വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ഇന്‍ഷുറന്‍സ് ഫണ്ട് രൂപീകരിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷത്തിനിടെ 110 ദശലക്ഷം യൂറോ അര്‍ഹരായവര്‍ക്ക് നല്‍കി. തൊഴില്‍ രംഗത്ത് ഖത്തര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ വിലകുറച്ച് കാണിക്കുന്നതാണ് ആംനസ്റ്റ് ഇന്റര്‍നാഷണലിന്റെ പുതിയ റിപ്പോര്‍ട്ടെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News