അഫ്ഗാനില്‍ താലിബാന്‍ ശക്തിപ്രാപിക്കുന്നതിനിടെ പുതിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കം

ചര്‍ച്ചയുടെ ആദ്യ ദിനം പ്രതീക്ഷാവഹമാണെന്നും എല്ലാ കാര്യങ്ങളിലും തുറന്ന ചര്‍ച്ചയ്ക്ക് ഇരുപക്ഷവും സന്നദ്ധത പ്രകടിപ്പിച്ചതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Update: 2021-07-18 18:55 GMT

അഫ്ഗാനിസ്ഥാനില്‍ല്‍ അധികാരം തിരിച്ചു പിടിക്കാനുള്ള നീക്കങ്ങള്‍ താലിബാന്‍ കടുപ്പിക്കുന്നതിനിടെ പുതിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി. രാഷ്ട്രീയ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് അനുകൂലമാണെന്ന് ചര്‍ച്ചയില്‍ താലിബാന്‍ അറിയിച്ചതായാണ് വിവരം.

ശനിയാഴ്ചയോടെയാണ് ഖത്തറിന്റെ മധ്യസ്ഥതയില്‍ താലിബാന്‍ അഫ്ഗാന്‍ സര്‍ക്കാര് സമാധാന ചര്‍ച്ചകളുടെ പുതിയ റൌണ്ടിന് ദോഹയില്‍ തുടക്കമായത്. താലിബാനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന നേതാക്കളും അഷ്‌റഫ് ഗനി സര്‍ക്കാര്‍ പ്രതിനിധികളുമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.

ചര്‍ച്ചയുടെ ആദ്യ ദിനം പ്രതീക്ഷാവഹമാണെന്നും എല്ലാ കാര്യങ്ങളിലും തുറന്ന ചര്‍ച്ചയ്ക്ക് ഇരുപക്ഷവും സന്നദ്ധത പ്രകടിപ്പിച്ചതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷത്തിന് അറുതി വരുത്താന്‍ ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പിനെ തങ്ങള്‍ ശക്തമായി അനുകൂലിക്കുന്നതായി താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുല്ല അഖുന്‍സദ പറഞ്ഞു. വിദേശികളെ ആശ്രയിക്കുന്നതിനുപകരം, നമുക്കിടയിലുള്ള പ്രശ്നങ്ങള്‍ ആഭ്യന്തരമായി തന്നെ പരിഹരിച്ച് നമ്മുടെ മാതൃരാജ്യത്തെ രക്ഷിക്കാവുന്നതേയുള്ളൂ. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പരിഹാരം കാണുന്നതിന് താലിബാന്‍ പ്രതിജ്ഞാബദ്ധരാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വെറുതെ സമയം കളയുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനിലെ പകുതിയിലേറെ ജില്ലകളും താലിബാന്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലുള്ള പുതിയ ചര്‍ച്ചകളെ ഏറെ പ്രതീക്ഷകളോടെയാണ് അഫ്ഗാന്‍ ജനത നോക്കിക്കാണുന്നത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News