ഇറാൻ മിസൈൽ ആക്രമണം: യോഗം ചേർന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

നാശനഷ്ടങ്ങൾ വിലയിരുത്താനും ആക്രമണം ബാധിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നത് ചർച്ച ചെയ്യാനുമായിരുന്നു യോഗം

Update: 2025-07-13 17:30 GMT

ദോഹ: ഇറാൻ മിസൈൽ ആക്രമണം ചർച്ച ചെയ്യാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം അസാധാരണ യോഗം ചേർന്നു. മിസൈൽ പ്രതിരോധിച്ചതിന്റെ ഭാഗമായുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനും ആക്രമണം ബാധിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നത് ചർച്ച ചെയ്യാനുമായിരുന്നു യോഗം. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശപ്രകാരമാണ് ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.

കഴിഞ്ഞ മാസം 23നാണ് ഖത്തറിലെ അമേരിക്കൻ വ്യോമ താവളമായ അൽ ഉദൈദിന് നേരെ ഇറാന്റെ ആക്രമണമുണ്ടായത്. എയർ ഡിഫൻസ് സംവിധാനം ഉപയോഗിച്ച് ഭൂരിഭാഗം മിസൈലുകളും ഖത്തർ നിർവീര്യമാക്കിയിരുന്നു. മിസൈൽ തടയലിന്റെ ഭാഗമായി സംഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്താനും അത് ബാധിച്ച പൗരന്മാർക്കും താമസക്കാർക്കും നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ ഊർജിതമാക്കാനുമാണ് യോഗം ചേർന്നത്. നേരത്തെ സ്വീകരിച്ച താത്കാലിക നടപടികൾ യോഗം വിലയിരുത്തി. അമീർ നൽകിയ നിർദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News