ലോകകപ്പ് കഴിഞ്ഞു; കരുത്തോടെ ഖത്തറിലെ ഹോട്ടൽ വ്യവസായ മേഖല
ദോഹ: ഖത്തറിന്റെ ഹോട്ടൽ വ്യവസായ മേഖലയിൽ വളർച്ച തുടരുന്നു. വർഷാവസാനത്തോടെ ഹോട്ടൽ മുറികളുടെ എണ്ണം 40,000 കവിയുമെന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിലയിരുത്തൽ.
ലോകകപ്പ് ഫുട്‌ബോൾ കഴിഞ്ഞെങ്കിലും വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള നയമാണ് ഹോട്ടൽ മേഖലയ്ക്ക് കരുത്തായത്. കഴിഞ്ഞ 18 മാസത്തിനിടെ 8,000 മുറികൾ കൂടി ലഭ്യമാക്കിയതോടെ രാജ്യത്തെ ഹോട്ടൽ മുറികൾ 38,000 ആയി ഉയർന്നു പറയുന്നു. ഈ വർഷം അവസാനത്തോടെ ഇത് 40,000 കവിയുമെന്നാണ് ആഗോള റിയൽ എസ്റ്റേറ്റ് അഡൈ്വസർ സ്ഥാപനമായ കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡിന്റെ മാർക്കറ്റ് റിവ്യൂവിൽ പറയുന്നത്.
ദോഹ എക്‌സ്‌പോയും അന്താരാഷ്ട്ര കായിക മേളകളും പ്രദർശനങ്ങളും എത്തുന്നതോടെ സന്ദർശക തിരക്ക് കൂടുതലായി വരും. ഇത് കൂടി ഉപയോപ്പെടുത്താൻ വരും മാസങ്ങളിൽ പേൾ ഖത്തറിലും വെസ്റ്റ് ബേയിലും കൂടുതൽ റിസോർട്ടുകളും ഹോട്ടലുകളും പ്രവർത്തനസജ്ജമാകും.
അതേസമയം ഖത്തറിന്റെ ആതിഥേയ മേഖല വരും വർഷങ്ങളിൽ കാര്യമായ വെല്ലുവിളി നേരിടുമെന്നും സൂചിപ്പിക്കുന്നു. ഫിഫ ലോകകപ്പ് ആതിഥേയത്വത്തിന് ശേഷം ഹയ്യാ എൻട്രി ലളിതമാക്കിയത് സന്ദർശക വരവ് വർധിപ്പിച്ചിട്ടുണ്ട്.
കോവിഡ് പ്രതിസന്ധികളിൽ നിന്നുള്ള തിരിച്ചുവരവിനും പ്രകടനം മെച്ചപ്പെടുത്താനുമുള്ള വർഷമായാണ് 2023നെ ആഗോള ടൂറിസം മേഖല കാണുന്നത്. ഈ വർഷം ജനുവരി മുതൽ മെയ് വരെ 17.5 ലക്ഷമാണ് രാജ്യത്തെത്തിയ സന്ദർശകരുടെ എണ്ണം. 2022 ലെ സമാന കാലയളവിനേക്കാൾ 206 ശതമാനമാണ് വർധന.