ഖത്തറിൽ നായ്ക്കളെ കൊന്നവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു

ക്രൂരത ചെയ്തവരെ അവരുടെ പൗരത്വം നോക്കാതെ തന്നെ ജയിലിലടയ്ക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്

Update: 2022-07-18 15:22 GMT
Advertising

പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് ഇരച്ചുകയറി, ആയുധധാരികളായ ഒരു സംഘം 29 നായ്ക്കളെ വെടിവച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധം വർധിക്കുന്നു. പെരുന്നാൾ ദിനത്തിലാണ് ഈ ക്രൂരമായ സംഭവം നടന്നത്. ഇതിനെതിരെ ജനങ്ങൾക്കിടയിൽ വലിയ രോഷമാണുയരുന്നത്.

ഈ വിഷയത്തിൽ ഖത്തർ രാജകുടുംബാംഗം ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് അൽ താനി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആക്രമണത്തെ അപലപിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് അവർ സംഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അക്രമികൾ സുരക്ഷാ ഗാർഡുകളെ ഭീഷണിപ്പെടുത്തിയാണ് മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് യറിയത്. ഒരു നായ തങ്ങളുടെ മക്കളെ കടിച്ചതായും അവർ അവകാശപ്പെട്ടിരുന്നു.

ഇതിൽ രണ്ടുപേരുടെ കൈവശം തോക്കുകൾ കണ്ടതോടെ സുരക്ഷാ ജീവനക്കാർ നിസ്സഹായരാവുകയായിരുന്നു. വന്ധ്യംകരിച്ച ഒരു കൂട്ടം നായ്ക്കളെ ഇവർ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ചില നായകൾക്ക് സാരമായ പരിക്കേറ്റിട്ടുമുണ്ട്. ഈ ക്രൂരത ചെയ്തവരെ അവരുടെ പൗരത്വം നോക്കാതെ തന്നെ ജയിലിലടയ്ക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

ഷെയ്ഖയുടെ പോസ്റ്റിനു താഴെ ഖത്തറിലെ തോക്ക് നിയമങ്ങളെക്കുറിച്ചുള്ള ആശങ്കകളും ചിലർ പ്രകടിപ്പിക്കുന്നുണ്ട്. ഖത്തറിലെ നിയമമനുസരിച്ച് തോക്ക് കൈവശം വയ്ക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസ് ആവശ്യമാണ്. എന്നാൽ അപേക്ഷകൻ ഖത്തർ പൗരനായിരിക്കണമെന്ന് നിയമത്തിൽ വ്യക്തമാക്കിയിട്ടില്ല. എങ്കിലും പ്രത്യേക സേനയിലോ സുരക്ഷാവിഭാഗത്തിലോ ജോലി ചെയ്യാത്ത പ്രവാസികൾക്ക് അപൂർവ്വമായി മാത്രമേ തോക്കിന് ലൈസൻസ് അനുവദിക്കാറൊള്ളു.

ഖത്തറിൽ ലൈസൻസില്ലാത്ത തോക്കുകൾ കൈവശം വയ്ക്കുന്നവർക്ക് 1,000 മുതൽ 50,000 ഖത്തർ റിയാൽ വരെയാണ് പിഴ ഈടാക്കുക. അല്ലെങ്കിൽ തോക്കിന്റെ തരം അനുസരിച്ച് ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവും ലഭിച്ചേക്കാവുന്ന കുറ്റമാണിത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News