സൗദിയിലെ പൊതു ടാക്‌സി നിരക്കില്‍ 17 ശതമാനം വര്‍ധനവ്

പൊതുഗതാഗത അതോറിറ്റിയാണ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്

Update: 2022-03-14 08:33 GMT

സൗദിയില്‍ പൊതു ടാക്‌സി നിരക്കില്‍ 17 ശതമാനം വര്‍ധനവ് പ്രാബല്യത്തില്‍ വന്നു. നഗരങ്ങളില്‍ ചുരുങ്ങിയ യാത്ര നിരക്ക് അഞ്ച് റിയാലില്‍ നിന്ന് പത്ത് റിയാലായാണ് ഉയര്‍ത്തിയത്. പൊതു ഗതാഗത അതോറിറ്റിയാണ് പുതുക്കിയ ടാക്‌സി നിരക്ക് പ്രഖ്യാപിച്ചത്.

പരമാവധി നാല് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ടാക്‌സികള്‍ക്ക് ഇത് വരെ നഗരങ്ങളില്‍ ഈടാക്കിയിരുന്ന കുറഞ്ഞ നിരക്ക് 5 റിയാലായിരുന്നു. ഇനി മുതല്‍ ഇത് 10 റിയാലായിരിക്കും. കൂടാതെ അധികമുള്ള ഓരോ കിലോമീറ്ററിനും 2.10 റിയാല്‍ വീതം നല്‍കേണ്ടതാണ്. നേരത്തെ ഇത് 1.8 റിയാലായിരുന്നു.

ടാക്‌സി സര്‍വിസ് ചാര്‍ജ് 16.36 ശതമാനം ഉയര്‍ത്തിയപ്പോള്‍ മീറ്റര്‍ ഓപ്പണിങ് ചാര്‍ജ് 6.4 റിയാലായാണ് വര്‍ധിപ്പിച്ചത്. ഓരോ മിനിറ്റിനും ഇനി മുതല്‍ 1.05 റിയാലാണ് വെയിറ്റിങ് ചാര്‍ജിനത്തില്‍ നല്‍കേണ്ടത്.

അഞ്ചോ അതില്‍ കൂടുതലോ പേര്‍ക്ക് യാത്ര ചെയ്യാവുന്ന ടാക്‌സികളുടെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. അത്തരം ടാക്‌സികളുടെ മീറ്റര്‍ ഓപ്പണിങ്ങിനുള്ള നിരക്ക് 21.67 ശതമാനം ഉയര്‍ത്തി. ഇതനുസരിച്ച് നേരത്തെയുണ്ടായിരുന്ന 6 റിയാലിന് പകരം 7.3 റിയാലാണ് ഇനി നല്‍കേണ്ടി വരിക. കൂടാതെ അധികം വരുന്ന ഓരോ കിലോമീറ്ററിനും നല്‍കേണ്ട ചാര്‍ജ് രണ്ട് റിയാലിന് പകരം 2.4 റിയാലായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ വെയിറ്റിങ് ചാര്‍ജ് മിനുട്ടിന് 22.22 ശതമാനവും വര്‍ധിപ്പിച്ചതായി പൊതു ഗതാഗത അതോറിറ്റി അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News