ആരോഗ്യ ഇൻഷൂറൻസ് നൽകിയില്ല; സൗദിയിൽ തൊഴിൽ ദാതാക്കൾക്കെതിരെ നടപടി
പിഴയും ഇൻഷൂറൻസ് കുടിശ്ശികയും ഈടാക്കും
ദമ്മാം: സൗദിയിൽ ആരോഗ്യ ഇൻഷൂറൻസ് വ്യവസ്ഥകൾ ലംഘിച്ച തൊഴിൽ ദാതാക്കൾക്കെതിരെ നടപടി. തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പ് വരുത്താത്തതിനാണ് നടപടി. പിഴയും ഒപ്പം ഇൻഷൂറൻസ് പരിരക്ഷയിൽ വീഴ്ചവരുത്തിയ കുടിശ്ശികയും ഈടാക്കും. സൗദി ഹെൽത്ത് ഇൻഷൂറൻസ് കൗൺസിലിന്റേതാണ് നടപടി.
ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിന്റെ വ്യവസ്ഥകൾ ലംഘിച്ചതിന് തൊഴിൽ ദാതാക്കൾക്കെതിരെ പിഴ ചുമത്തിയതായി സൗദി ഹെൽത്ത് ഇൻഷൂറൻസ് കൗൺസിലാണ് വെളിപ്പെടുത്തിയത്. ഇൻഷൂറൻസ് പരിരക്ഷ പരിധിയിൽ വരുന്ന ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇൻഷൂറൻസ് പരിരക്ഷ ഉറപ്പ് വരുത്താൻ നിരവധി തവണ അവസരം നൽകിയിരുന്നു. ഇനി പിഴയ്ക്ക് പുറമേ തൊഴിൽ ദാതാവ് കുടിശ്ശിക വരുത്തിയ ഇൻഷൂറൻസ് പ്രീമിയവും അടക്കണം.
ആരോഗ്യ ഇൻഷുറൻസ് നിയമത്തിന്റെ ആർട്ടിക്കിൾ 14 പ്രകാരമാണ് നടപടി. സംവിധാനത്തിൻറെ പരിധിയിൽ വരുന്ന ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തൊഴിൽ ദാതാക്കൾക്ക് പിഴ ചുമത്തിയതെന്ന് കൗൺസിലിന്റെ ഔദ്യോഗിക വക്താവ് ഇമാൻ അൽ-താരിഖി വ്യക്തമാക്കി.