സൗദിയിലെ അൽ നബ്ഹാനിയയിൽ അൽസുലൈൽ വിന്റർ ഫെസ്റ്റിവലിന് തുടക്കമായി
മേള അഞ്ച് ദിവസം നീണ്ടുനിൽക്കും
റിയാദ്: ഖസീം പ്രവിശ്യയിലെ അൽ നബ്ഹാനിയയിൽ വർണാഭമായ അൽ സുലൈൽ വിന്റർ ഫെസ്റ്റിവലിന് തുടക്കമായി. ഖസീം, നബ്ഹാനിയ മുനിസിപ്പാലിറ്റികൾ സംയുക്തമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മനോഹരമായ ശൈത്യകാല അന്തരീക്ഷത്തിൽ എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന വിനോദ പരിപാടികളാണ് ഉത്സവത്തിന്റെ പ്രധാന ആകർഷണം. സുരക്ഷിതവും സംഘടിതവുമായ തുറന്ന വേദിയിലാണ് മേള നടക്കുന്നത്.
അഞ്ച് ദിവസം നീളുന്ന ഫെസ്റ്റിവലിൽ പരമ്പരാഗത പാചകരീതികൾക്കായുള്ള പ്രത്യേക മേഖല, കുട്ടികൾക്കുള്ള തിയേറ്റർ, ഇന്ററാക്ടീവ് പരിപാടികൾ, വിവിധ ഫോക് പെർഫോമൻസുകൾ, വ്യത്യസ്ത പ്രായക്കാർക്ക് അനുയോജ്യമായ വിനോദ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക, പ്രാദേശിക ടൂറിസം മേഖലയ്ക്ക് കരുത്ത് പകരുക, പ്രാദേശിക പ്രതിഭകളെയും ചെറുകിട സംരംഭകരെയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ മേളയിലൂടെ മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്.