ലോകത്തിലെ മികച്ച സാംസ്കാരിക ടൂറിസം പദ്ധതിയായി സൗദിയിലെ അൽ ഉല

വേൾഡ് ട്രാവൽ അവാർഡ്സിലാണ് നേട്ടം

Update: 2025-12-08 16:28 GMT
Editor : Mufeeda | By : Mufeeda

ജിദ്ദ: ഈ വർഷത്തെ വേൾഡ് ട്രാവൽ അവാർഡുകളിൽ 2025 ലെ ലോകത്തിലെ ഏറ്റവും മികച്ച സാംസ്കാരിക ടൂറിസം പദ്ധതിയായി അൽ-ഉല ഗവർണറേറ്റ് തിരഞ്ഞെടുക്കപ്പെട്ടു. ആഗോള ടൂറിസം മേഖലയിലെ ഏറ്റവും പ്രശസ്തമായ അവാർഡ്സിലാണ് ഈ സുപ്രധാന നേട്ടം.

അന്താരാഷ്ട്ര വിദഗ്ധർ, മുതിർന്ന എക്സിക്യൂട്ടീവുകൾ, പ്രമുഖ ടൂർ ഓപ്പറേറ്റർമാർ, അംഗീകൃത ട്രാവൽ ഏജന്റുമാർ എന്നിവരടങ്ങിയ പാനലിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് അൽ-ഉല നേട്ടം സ്വന്തമാക്കിയത്. വാർഷിക ചടങ്ങിലെ ഏറ്റവും ഉയർന്ന പുരസ്കാരമാണിത്.

വേൾഡ് ട്രാവൽ അവാർഡ്സിന്റെ മിഡിൽ ഈസ്റ്റ് എഡിഷനിൽ മൂന്ന് പ്രാദേശിക പുരസ്കാരങ്ങളും അൽ ഉല ഇത്തവണ സ്വന്തമാക്കിയിട്ടുണ്ട്. 2025-ലെ മിഡിൽ ഈസ്റ്റിലെ മികച്ച സാംസ്കാരിക ടൂറിസം പദ്ധതി, മിഡിൽ ഈസ്റ്റിലെ മികച്ച ഇവന്റുകളും ഫെസ്റ്റിവലുകളും സംഘടിപ്പിച്ചയിടം, രാജ്യത്തെ മുൻനിര സാംസ്കാരിക ടൂറിസം പദ്ധതി എന്നിവയാണ് അവ.

Advertising
Advertising

2 ലക്ഷത്തിലധികം വർഷത്തെ മാനവ വാസവും 7,000 വർഷത്തെ തുടർച്ചയായ നാഗരികതകളും ഉൾക്കൊള്ളുന്നതാണ് അൽ ഉലയുടെ ചരിത്രം.

ആകർഷകമായ പ്രകൃതി സൗന്ദര്യം, ഊഷ്മളമായ ആതിഥ്യം, വർഷം മുഴുവൻ നടക്കുന്ന “അൽ ഉല മൊമന്റ്സ്” പരിപാടിയിലെ വൈവിധ്യമാർന്ന സാംസ്കാരിക ഇവന്റുകൾ, ഫെസ്റ്റിവലുകൾ, കലാ പ്രദർശനങ്ങൾ, സംഗീത പരിപാടികൾ എന്നിവയിലൂടെ അൽ ഉല ഈ ചരിത്ര ചിത്രം പ്രദർശിപ്പിക്കുന്നു. യൂറോപ്പിൽ നിന്നടക്കം നിരാവധി സന്ദർശകരാണ് ഓരോ ദിവസവും അൽ ഉലയുടെ സൗന്ദര്യം നുകരാൻ സൗദിയിൽ പറന്നിറങ്ങുന്നത്.

1993-ൽ ആരംഭിച്ച വേൾഡ് ട്രാവൽ അവാർഡ്സ് ട്രാവൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ മികവിനെ ആഘോഷിക്കുന്ന ആഗോള വേദിയാണ്. മികച്ച ഹോട്ടലുകൾ, എയർലൈനുകൾ മുതൽ ലോകോത്തര ട്രാവൽ-ഹോസ്പിറ്റാലിറ്റി അനുഭവങ്ങൾ വരെയുള്ള നിരവധി വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Mufeeda

contributor

Similar News