റിയാദ് പച്ച പുതക്കും: വാദി നിമ്ർ പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
35 കിലോമീറ്റർ നീളത്തിൽ 24.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് പാർക്ക്
റിയാദ്: റിയാദിലെ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാകുന്ന വാദി നിമ്ർ പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. റിയാദിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് 24.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് പാർക്ക് സജ്ജമാകുന്നത്. തുവൈഖ്, അൽ ഹസം, നിമ്ർ തുടങ്ങി ആറോളം പ്രധാന പ്രദേശങ്ങളിലൂടെ 35 കിലോമീറ്റർ നീളത്തിൽ പാർക്ക് കടന്നുപോകും. ഗ്രീൻ റിയാദ് പദ്ധതിയുടെ ഭാഗമായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
പ്രകൃതിരമണീയമായ വാദി നിമ്‌റിനും അവിടുത്തെ തടാകത്തിനും അഭിമുഖമായാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രദേശത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ 47,000ത്തിലധികം തദ്ദേശീയ മരങ്ങൾ ഇവിടെ വച്ചുപിടിപ്പിക്കും. ഇതു വഴി പാർക്കിന്റെ 54 ശതമാനം ഭാഗത്തും തണൽ വിരിക്കും. നടപ്പാതകൾ, സൈക്ലിംഗ് ട്രാക്കുകൾ, താഴ്വരയുടെ ഭംഗി ആസ്വദിക്കാൻ 42 പ്രത്യേക വ്യൂ പോയിന്റുകൾ എന്നിവയും പാർക്കിന്റെ പ്രത്യേകതയാണ്. കൂടാതെ വിവിധ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്ന് തൂക്കുപാലങ്ങളും നിർമിക്കും. വ്യായാമത്തിനും വിനോദത്തിനുമായി 52 കിലോമീറ്റർ നീളമുള്ള നടപ്പാതകളും 33 കിലോമീറ്റർ സൈക്കിൾ ട്രാക്കും ഇവിടെ സജ്ജീകരിക്കും.
കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വിപുലമായ സൗകര്യങ്ങളാണ് പാർക്കിൽ ഒരുങ്ങുന്നത്. 29 കളിസ്ഥലങ്ങൾ, 17 കുട്ടികളുടെ പാർക്കുകൾ, റസ്റ്റോറന്റുകൾ, ഷോപ്പുകൾ എന്നിവയാണ് ഇതിൽ പ്രാധാനം. സന്ദർശകർക്കായി 3,800 പാർക്കിങ് ഇടങ്ങളും ഒരുക്കും. വിനോദങ്ങൾക്കപ്പുറം നഗരത്തിലെ താപനില കുറയ്ക്കാനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതി വലിയ പങ്ക് വഹിക്കും.