യാത്രക്കാരെ വട്ടം കറക്കി വീണ്ടും ദമ്മാം- കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ്

രാവിലെ പ്രാദേശിക സമയം 11.40ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഐ.എക്‌സ് 386 വിമാനമാണ് യാത്ര റദ്ദാക്കിയത്.

Update: 2023-12-25 18:28 GMT
Advertising

ദമ്മാം: യാത്രക്കാരെ വട്ടം കറക്കി വീണ്ടും എയർ ഇന്ത്യ എക്‌സ്പ്രസ്. ദമ്മാമിൽ നിന്നും കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്ത യാത്രക്കാരാണ് രാവിലെ മുതൽ വൈകിട്ട് വരെ വിമാനത്താവളത്തിൽ കുടുങ്ങിയത്. കുട്ടികളും കുടുംബങ്ങളുമടങ്ങുന്ന യാത്രക്കാരെ വെള്ളവും ഭക്ഷണവും നൽകാതെ വലച്ചതായും ഇവർ പരാതി പറഞ്ഞു. ഒടുവിൽ ബഹളം വച്ചതിനെ തുടർന്ന് രാത്രിയോടെ ഹോട്ടലിലേക്ക് മാറ്റി.

രാവിലെ പ്രാദേശിക സമയം 11.40ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഐ.എക്‌സ് 386 വിമാനമാണ് യാത്ര റദ്ദാക്കിയത്. യാത്രക്കാരെ മുഴുവൻ കയറ്റിയ ശേഷം റെൺവേയിലേക്ക് നീങ്ങിയ വിമാനം വീണ്ടും തിരിച്ചെത്തുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. യന്ത്രത്തകരാറിനെ തുടർന്നാണ് യാത്ര റദ്ദാക്കേണ്ടി വന്നതാണെന്നാണ് കമ്പനി അധികൃതർ നൽകുന്ന വിശദീകരണം.

എന്നാൽ തിരിച്ചിറക്കിയ യാത്രക്കാർക്ക് ആവശ്യമായ വെള്ളമോ ഭക്ഷണമോ വിമാനത്താവളത്തിൽ നൽകിയില്ല. നിരവധി കുട്ടികളുൾപ്പെടുന്ന കുടുംബങ്ങൾ ഇതോടെ വലഞ്ഞു. വിദൂര ദിക്കുകളിൽ നിന്നടക്കം പുലർച്ചെ മുതൽ വിമാനത്താവളങ്ങളിലെത്തിയവരാണ് പലരും. ഇവർക്ക് മതിയായ ഭക്ഷണവും വെള്ളവും ലഭ്യമാക്കാതെ രാത്രിവരെ വിമാനത്താവളത്തിൽ ഒറ്റപ്പെടുത്തുകയായിരുന്നുവെന്നും ഇവർ പരാതി പറഞ്ഞു.

ഒടുവിൽ ബഹളം വച്ചതിനെ തുടർന്ന് രാത്രിയോടെ ഹോട്ടലിലേക്ക് മാറ്റി. എന്നാൽ യാത്ര എപ്പോൾ പുറപ്പെടാൻ കഴിയുമെന്ന കാര്യത്തിൽ കൃത്യമായ വിവരങ്ങളൊന്നും അതികൃതർ ഇപ്പോഴും നൽകുന്നില്ല.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News