സൗദിയിലെ പ്രമുഖ മലയാളി സംരംഭകന്‍ അബ്ദുൽ അസീസ് അന്തരിച്ചു
ജിദ്ദയിലെ സീഗൾ റസ്റ്ററന്‍റ് ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്നു
സൗദി അറേബ്യയിലെ പ്രമുഖ മലയാളി സംരംഭകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന വി.കെ അബ്ദുൽ അസീസ് അന്തരിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജിദ്ദയിലെ സീഗൾ റസ്റ്ററന്‍റ് ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്നു.
എറണാകുളം പറവൂർ എടവനക്കാട് സ്വദേശിയായ വി.കെ അബ്ദുൽ അസീസ് ദീർഘകാലമായി സൗദിയിലെ ജിദ്ദയിൽ പ്രവാസിയായിരുന്നു. ജിദ്ദയിൽ സീഗൾ റസ്റ്റോറന്റ് ഗ്രൂപ്പിന്റെ സ്ഥാപകനായ ഇദ്ദേഹം ഒന്നര മാസം മുമ്പാണ് ബിസിനിസ് ആവശ്യാർത്ഥം വീണ്ടും സൗദിയിലേക്ക് സന്ദർശന വിസയിലെത്തിയത്. ഇതിനിടെ ഹൃദയസംബന്ധമായ രോഗത്തിന് മൂന്നാഴ്ച മുമ്പ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടുകയും ശസ്ത്രക്രിയക്ക് വിധേയനാകുകയും ചെയ്തിരുന്നു. ഇതിനിടെ ശനിയാഴ്ച വൈകുന്നേരം സൗദി സമയം 6.30നാണ് മരണം സംഭവിച്ചത്.
ഇസ്‍ലാമിക പ്രബോധന മേഖലയിൽ പുതിയ ചിന്തകളും പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിൽ അതീവ തൽപരനായിരുന്നു. കേരളത്തിലെ സാമുദായിക സൗഹാർദ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. മക്കയിലെ മുസ്‍ലിം വേൾഡ് ലീഗുമായി സഹകരിച്ച് കേരളത്തിൽ വെച്ച് നടത്തിയ ശ്രദ്ധേയമായ മതാന്തര സംവാദത്തിന്‍റെ പിന്നിലെ മുഖ്യ ചാലകശക്തിയായി പ്രവർത്തിച്ചു. പലിശ രഹിത ഇസ്‍ലാമിക ബാങ്കിങ്ങിനും ഫൈനാൻസിനും ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളെ മുൻനിരയിലേക്കെത്തിക്കാൻ കഴിയുമെന്ന് മനസ്സിലാക്കി രൂപീകരിച്ച ഇന്ത്യ ഫോറം ഫോർ ഇന്ററസ്റ്റ് ഫ്രീ ബാങ്കിംഗ് പദ്ധതിയുടെ മുഖ്യ സാരഥിയായും പ്രവർത്തിച്ചു.
നജ്മയാണ് ഭാര്യ. മക്കളായ ഷമീമ, ഷബ്‌നം, ഷഹ്ന, അഫ്താബ്, അഫ്‌റോസ് എന്നിവരും സാമൂഹ്യ സേവന രംഗത്ത് സജീവമാണ്. അബ്ദുൽ ജലീൽ കട്ടുപ്പാറ, ഫൈസൽ അബൂബക്കർ പൊന്നാനി, അബ്ദുസലാം ആലപ്പുഴ, അൽമാസ് എന്നിവർ മരുമക്കളാണ്. മൃതദേഹം ഇന്ന് വൈകുന്നേരം ജിദ്ദയിലെ റുവൈസ് ഖബർ സ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.