വരും ദിവസങ്ങളിൽ സൗദിയിൽ അത്യുഷ്ണവും മഴയും തുടരും
മധ്യ, കിഴക്കൻ സൗദിയുടെ ഭാഗങ്ങളിൽ താപനില ഉയരും, വടക്ക്, പടിഞ്ഞാറൻ സൗദിയിൽ മഴയും മൂടൽ മഞ്ഞും
ദമ്മാം: സൗദിയിൽ അത്യുഷ്ണവും മഴയും തുടരും. മധ്യ, കിഴക്കൻ സൗദിയിൽ താപനില 50 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വീണ്ടും മുന്നറിയിപ്പ് നൽകി. എന്നാൽ വടക്ക്, പടിഞ്ഞാറൻ സൗദിയിൽ തുടരുന്ന മഴയും മൂടൽ മഞ്ഞും വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.
കിഴക്കൻ സൗദിയിലും മധ്യ സൗദിയിലും വരും ദിവസങ്ങളിൽ വേനൽ ചൂട് വീണ്ടും ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. കിഴക്കൻ പ്രവിശ്യയിലെ അൽഹസ, ദമ്മാം, ജുബൈൽ, നാരിയ ഭാഗങ്ങളിൽ പകൽ താപനില 48 മുതൽ 50 ഡിഗ്രി വരെ വീണ്ടും ഉയരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് വ്യക്തമാക്കുന്നു. മദീനയിലും തബൂക്കിന്റെ തീര പ്രദേശങ്ങളിലും താപനിലയിൽ ഗണ്യമായ വർധനവും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ വടക്കൻ, പടിഞ്ഞാറൻ സൗദിയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന മഴ വരും ദിവസങ്ങളിൽ വീണ്ടും ശക്തമാകും. നജ്റാൻ, റിയാദ്, അൽഖസീം, അൽ-ജൗഫ്, ജിസാൻ, അസീർ, അൽ-ബഹ, മക്ക എന്നീ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.