സാമൂഹിക അകലം നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ അടച്ചുപൂട്ടലിനെക്കുറിച്ച് ആലോചിക്കേണ്ടി വരും; റെസ്റ്റോറന്റുകള്‍ക്ക് സൗദി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ഒരേ കുടുംബത്തിലെ അംഗങ്ങളെ ഒരു വ്യക്തിയായാണ് കണക്കാക്കുക. അവര്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല

Update: 2022-01-10 13:56 GMT
Advertising

റിയാദ്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിര്‍ദേശിച്ച സാമൂഹിക അകലം പാലിക്കുന്നതില്‍ പരാജയപ്പെടുന്ന റെസ്റ്റോറന്റുകളില്‍ ഭക്ഷണം വിളമ്പുന്നത് തന്നെ നിരോധിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് ആന്റ് ഹൗസിങ് മന്ത്രാലയം.

റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കുമായി പുനര്‍നിര്‍ണയിച്ച പ്രത്യേക ആരോഗ്യ മാനദണ്ഡങ്ങള്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കിയതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ പ്രോട്ടോക്കോളുകള്‍ പ്രകാരം, ഒരു മേശയില്‍ ഭക്ഷണം കഴിക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചിട്ടില്ല. എങ്കിലും, തൊട്ടടുത്ത ടേബിളുകള്‍ക്കിടയിലെ അകലം കുറഞ്ഞത് മൂന്ന് മീറ്ററെങ്കിലുമായിരിക്കണം.

കൂടാതെ, വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി തവക്കല്‍ന ആപ്പില്‍ ആരോഗ്യ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തവര്‍ക്കു മാത്രമേ റസ്റ്റോറന്റുകളിലേക്കും ഭക്ഷണശാലകളിലേക്കും പ്രവേശനം അനുവദിക്കുകയൊള്ളു. ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ട ആളുകള്‍ക്ക് മാത്രമേ ഈ നിയമത്തില്‍ ഇളവ് നല്‍കുകയൊള്ളു.

റെസ്റ്റോറന്റുകളിലും കഫേകളിലും പ്രവേശിക്കുന്നതിന് മുമ്പ് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ആരോഗ്യ നില പരിശോധിക്കുകയും വേണം. ഓട്ടോമാറ്റിക് ഹെല്‍ത്ത് വെരിഫിക്കേഷന്‍ പെര്‍മിറ്റുകള്‍ക്കുള്ള ക്യുആര്‍ കോഡ് സംവിധാനം പ്രവേശന കവാടങ്ങളില്‍ സ്ഥാപിക്കും. ഉപഭോക്താക്കള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രവേശന കവാടങ്ങളില്‍ ജീവനക്കാരെയും നിയമിക്കും.

റെസ്റ്റോറന്റുകളില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനും കാത്തിരിക്കുന്നതിനും നിശ്ചയിച്ച സ്ഥലങ്ങളിലും വ്യക്തികള്‍ തമ്മില്‍ ഒന്നര മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. ഒരേ കുടുംബത്തിലെ അംഗങ്ങളെ ഒരു വ്യക്തിയായാണ് കണക്കാക്കുക. അവര്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല.

ഭക്ഷണ-പാനീയങ്ങള്‍ വിതരണം ചെയ്യുന്ന ഔട്ട്ലെറ്റുകള്‍ക്കുള്ളില്‍ ഉപഭോക്താക്കള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒഴികെ ബാക്കി എല്ലാ സമയത്തും മാസ്‌ക് ധരിക്കണമെന്നും പുതുക്കിയ മോനദണ്ഡങ്ങളില്‍ നിര്‍ദേശമുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News