സൗദിയിലെ നാല് പ്രധാന സ്‌പോർട്ട്‌സ് ക്ലബ്ബുകളെ കമ്പനികളാക്കി മാറ്റി
ലോകത്തിലെ മികച്ച പത്ത് പ്രൊഫഷണൽ ലീഗുകളുടെ പട്ടികയിലേക്ക് സൗദി പ്രൊഫഷണൽ ലീഗിനെ ഉയർത്തുകയാണ് ലക്ഷ്യം
സൗദിയിലെ നാല് പ്രധാന സ്പോട്സ് ക്ലബ്ബുകളെ കമ്പനികളാക്കി മാറ്റി. കിരീടാവകാശിക്ക് കീഴിലുള്ള സൗദി ഇൻവെസ്റ്റ്മെൻ്റ് ഫണ്ടിൻ്റെതാണ് നിർണായക നീക്കം. ലോകത്തിലെ മികച്ച പത്ത് പ്രൊഫഷണൽ ലീഗുകളുടെ പട്ടികയിലേക്ക് സൗദി പ്രൊഫഷണൽ ലീഗിനെ ഉയർത്തുകയാണ് ലക്ഷ്യം.
രണ്ടായിരത്തി മുപ്പതോടെ രാജ്യത്തിൻ്റെ കായിക മേഖലയെ ലോകോത്തര നിരവാരത്തിലേക്കുയർത്തുന്നതിൻ്റെ ഭാഗമായാണിത്. സൌദിയിലെ സ്പോട്സ് ക്ലബ്ബുകളിൽ നിക്ഷേപ സ്വകാര്യവൽക്കരണം നടത്തുമെന്ന് കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ന് പ്രഖ്യാപിച്ചിരുന്നു. അതിന് പിറകെയാണ് രാജ്യത്തെ പ്രധാനപ്പെട്ട നാല് ക്ലബ്ബുകളെ കമ്പനികളാക്കി മാറ്റിയതായി സൌദി ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് അറിയിച്ചത്.
അൽ-ഇത്തിഹാദ്, അൽ-അഹ് ലി , അൽ നസർ, അൽ-ഹിലാൽ എന്നീ ക്ലബ്ബുകളെയാണ് കായികമന്ത്രാലവയുവമായി സഹകരിച്ച് കമ്പനികളാക്കി മാറ്റിയത്. സൌദിയിലെ കായിക മേഖല കൂടുതൽ മികവുറ്റതാക്കുന്നതിൻ്റെയും ക്ലബ്ബുകളെ ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിൻ്റെയും ഭാഗമായാണ് നിക്ഷേപ സ്വകാര്യവൽക്കരണത്തിന് നീക്കമാരംഭിച്ചത്. ഇതിലൂടെ പ്രമുഖ കമ്പനികൾക്കും വികസന ഏജൻസികൾക്കും സ്‌പോർട്‌സ് ക്ലബ്ബുകളിൽ നിക്ഷേപം നടത്താൻ അവസരമൊരുങ്ങും.
കൂടാതെ, ഈ വർഷം അവസാന പാദത്തിൽ ഏതാനും സ്പോട്സ് ക്ലബ്ബുകൾ സ്വകാര്യവൽക്കരിക്കുമെന്നും കിരീടാവകാശി പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച 10 പ്രൊഫഷണൽ ലീഗുകളുടെ പട്ടികയിലേക്ക് സൗദി പ്രൊഫഷണൽ ലീഗിനെ ഉയർത്തുവാനാണ് നീക്കം. കൂടാതെ സൗദി ലീഗിൻ്റെ പ്രതിവർഷ വരുമാനം 450 മില്യണിൽ നിന്ന് 1.8 ബില്യൺ റിയാലായി ഉയർത്തുകയും ചെയ്യും.
ഇതിലൂടെ സൌദി ലീഗിൻ്റെ വിപണി മൂല്യം 3 ബില്യൺ മുതൽ 8 ബില്യൺ റിയാൽ വരെ ഉയർത്താനാകുമെന്നാണ് പ്രതീക്ഷ. സൗദി ദേശീയ ടീമുകൾ, സ്‌പോർട്‌സ് ക്ലബ്ബുകൾ, സ്‌പോർട്‌സ് പ്രാക്ടീഷണർമാർ എന്നിവരുടെ എല്ലാ തലങ്ങളിലുമുള്ള നിലവാരം ഉയർത്തുകയും പ്രധാന ലക്ഷ്യമാണ്.