സൗദിയിൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ സംരക്ഷണ നിയമം പ്രാബല്യത്തിൽ

ഉത്പന്നങ്ങൾക്ക് ഇല്ലാത്ത സവിശേഷത പറഞ്ഞ് കബളിപ്പിച്ചാൽ ശിക്ഷ, 3 വർഷം തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ

Update: 2025-11-28 12:28 GMT

റിയാദ്: സൗദിയിൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ സംരക്ഷണ സംവിധാനത്തിന് അംഗീകാരം നൽകി രാജ ഉത്തരവ് പുറത്തിറങ്ങി. ജിയോഗ്രഫിക്കൽ ഇൻഡിക്കേഷനുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് തടവും പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. കുറഞ്ഞത് ഒരു മാസവും കൂടിയത് മൂന്ന് വർഷവും തടവും 5,000 മുതൽ പത്ത് ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ. അല്ലെങ്കിൽ ഈ പിഴകളിൽ ഒന്ന് അനുഭവിക്കേണ്ടിവരും.

എന്താണ് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ഉൽപന്നങ്ങൾ എന്ന് നോക്കാം. ഒരു പ്രദേശത്തിന്റെ പേരിലോ മറ്റോ അറിയപ്പെടുന്ന ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയമാകാറുണ്ട്. ആ നാട്ടിൽ നിന്നു ലഭിക്കുന്നവയിൽ നാട്ടുകാർക്ക് ഗുണമേന്മാ വിശ്വാസമുണ്ടാകും. ഉദാഹരണത്തിന് മദീനയിലെ അജ് വ ഈത്തപ്പഴം, അൽ ജൗഫിലെ ഒലീവ് ഓയിൽ എന്നിവ ഉദാഹരണമാക്കാം. അവക്കുള്ള ഗുണമേന്മ മറ്റിടങ്ങളിൽ ലഭിക്കില്ല. ഇത്തരം ഉത്പന്നങ്ങളാണ് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ഉൽപന്നങ്ങൾ. ഇത്തരം ഉത്പന്നങ്ങൾ മറ്റിടങ്ങളിൽ നിന്നെത്തിച്ച് ആ നാട്ടിലേതാണന്ന വ്യാജേന വിൽക്കുന്നത് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ നിയമ ലംഘനമാണ്.

Advertising
Advertising

ഏതെങ്കിലും കാർഷിക വിഭവം, ഭക്ഷണം, പ്രകൃതിദത്ത ഉൽപ്പന്നം, ഒരു പ്രത്യേക പ്രദേശത്ത് വ്യത്യസ്ത രീതിയിൽ നിർമിക്കുന്ന കരകൗശല അല്ലെങ്കിൽ വ്യാവസായിക ഉൽപ്പന്നം എന്നിവക്കൊക്കെ ഇത് ബാധകമാണ്

ജിയോഗ്രഫിക്കൽ ഇൻഡിക്കേഷന്റെ നിയമവിരുദ്ധമായ വാണിജ്യ ഉപയോഗം, അനുകരണം, ഉൽപ്പന്നത്തിന് സമാനമായ പേരിടൽ തുടങ്ങിയവ കുറ്റകരമാണ്. ആകൃതി, പാക്കേജിംഗ്, പരസ്യം അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗങ്ങൾ എന്നിവയിൽ ഒരു ഉൽപ്പന്നത്തെ അനുകരിക്കുന്നതിനും അനുകരിക്കാൻ ശ്രമിക്കുന്നതിനും ഇതേ ശിക്ഷ ബാധകമാണ്.

അന്യായമായ മത്സരത്തിന് കാരണമാകുന്ന രീതിയിൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ഉപയോഗിച്ചാലും പിഴ ബാധകമാണ്. ബൗദ്ധിക സ്വത്തവകാശത്തിനും ഉൽപ്പന്നങ്ങളുടെ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ സംരക്ഷിക്കാനുമാണ് പുതിയ സംവിധാനം. വ്യാജ ഉൽപ്പന്നങ്ങൾ നൽകി ഉപഭോക്താക്കളെ വഞ്ചിക്കുന്നത് തടയുകയാണ് ലക്ഷ്യം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News