ആഗോള നിക്ഷേപകരുടെ സംഗമം; റിയാദിൽ ഫ്യൂച്ചർ റിയൽ എസ്റ്റേറ്റ് ഫോറം അഞ്ചാം പതിപ്പിന് തുടക്കം
140-ലധികം രാജ്യങ്ങളിൽ നിന്ന് 300ലേറെ വിദഗ്ധർ പങ്കെടുക്കും
റിയാദ്: സൗദിയിലെ റിയാദിൽ ആഗോള നിക്ഷേപകരുടെ സംഗമമായ ഫ്യൂച്ചർ റിയൽ എസ്റ്റേറ്റ് ഫോറം അഞ്ചാം പതിപ്പിന് തുടക്കമായി. സൗദി ഭവന നിർമാണ മന്ത്രി മാജിദ് അൽ-ഹുഖൈൽ ഉദ്ഘാടനം ചെയ്ത ഫോറം വികസിക്കുന്ന ചക്രവാളങ്ങൾ... അഭിവൃദ്ധി പ്രാപിക്കുന്ന റിയൽ എസ്റ്റേറ്റ് എന്ന പ്രമേയത്തിലാണ് നടക്കുന്നത്. 140-ലധികം രാജ്യങ്ങളിൽ നിന്നുള്ള 300ലേറെ വിദഗ്ധർ ഫോറത്തിൽ പങ്കെടുക്കും. കൂടാതെ നൂറുകണക്കിന് നിക്ഷേപകരും പരിപാടിയുടെ ഭാഗമാകും.
ആഗോള അനുഭവങ്ങൾ പ്രയോജനപ്പെടുത്തി റിയൽ എസ്റ്റേറ്റ് മേഖലയുടെ ഭാവി പാതകൾ രൂപപ്പെടുത്തുകയാണ് ഫോറത്തിന്റെ ലക്ഷ്യം. മുൻ പതിപ്പുകളിൽ ഒപ്പുവെച്ച കരാറുകളുടെയും പങ്കാളിത്തങ്ങളുടെയും മൂല്യം 5000 കോടി ഡോളറിലധികമായിരുന്നു. മെറ്റാവേഴ്സിലൂടെ ആദ്യത്തെ വിർച്വൽ റിയൽ എസ്റ്റേറ്റ് അനുഭവം ഫോറത്തിൽ അവതരിപ്പിച്ചിരുന്നു. വിദേശികൾക്ക് വസ്തുവകകൾ സ്വന്തമാക്കുന്നതിനുള്ള പുതുക്കിയ നിയമങ്ങൾ നടപ്പിലാക്കിയതോടെ സൗദി ആഗോള സാമ്പത്തിക ചർച്ചകളിൽ സജീവമായിരിക്കുകയാണ്.