ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; അറഫാ സംഗമം നാളെ

ഹജ്ജിനുള്ള പ്രത്യേക വസ്ത്രം ധരിച്ച് മക്കയിലെത്തി വിശുദ്ധ കഅബയെ പ്രദിക്ഷണം വച്ച ശേഷം ഇന്നലെ രാത്രിയാണ് തീര്‍ത്ഥാടകര്‍ തമ്പുകളുടെ നഗരമായ മിനായിലേക്ക് നീങ്ങി തുടങ്ങിയത്.

Update: 2021-07-18 17:52 GMT
Advertising

ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. കോവിഡ് സാഹചര്യത്തില്‍ കര്‍ശന ആരോഗ്യസുരക്ഷാ മുന്‍കരുതലുകള്‍ക്കിടയിലാണ് ഇത്തവണയും ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്നത്. മക്കയിലെത്തിയ തീര്‍ത്ഥാടകര്‍ മസ്ജിദുല്‍ ഹറാമിലെത്തി ത്വവാഫുല്‍ ഖുദൂം നിര്‍വഹിച്ച് മിനയിലെത്തി.

ഹജ്ജിനുള്ള പ്രത്യേക വസ്ത്രം ധരിച്ച് മക്കയിലെത്തി വിശുദ്ധ കഅബയെ പ്രദിക്ഷണം വച്ച ശേഷം ഇന്നലെ രാത്രിയാണ് തീര്‍ത്ഥാടകര്‍ തമ്പുകളുടെ നഗരമായ മിനായിലേക്ക് നീങ്ങി തുടങ്ങിയത്. ഇന്ന് ഉച്ച മുതല്‍ നാളെ പുലര്‍ച്ചെ വരെ മിനായില്‍ താമസിക്കുക എന്നതാണ് ഹജ്ജിന്റെ ആദ്യത്തെ കര്‍മം. മിനായിലെ തമ്പുകളിലും മിനാ ടവറുകളിലുമായി താമസിക്കുന്ന തീര്‍ത്ഥാടകര്‍ നാളെ പ്രഭാത നമസ്‌കാരം വരെ ആരാധനാ കര്‍മങ്ങളില്‍ മുഴുകും.

നാളെയാണ് ഹജ്ജിന്റെസുപ്രധാന കര്‍മമായ അറഫാ സംഗമം. ഹജ്ജിൻറെ ആത്മാവാണ് അറഫാ സംഗമം. അറഫാ സംഗമത്തിൽ പങ്കെടുക്കാൻ കഴിയാത്ത ഹാജിമാർക്ക് ഹജ്ജിൻറെ പുണ്യം ലഭിക്കില്ല. 150ലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60000 ഹാജിമാർ അറഫയിൽ സംഗമിക്കുo. കഴിഞ്ഞ ഒരു വർഷക്കാലമായി അള്ളാഹുവിന്റെ അതിഥികളെ കാത്തിരിപ്പായിരുന്നു അറഫ. പ്രവാചകൻ മുഹമ്മദ് നബിയുടെ വിടവാങ്ങൽ പ്രഭാഷണം നടന്ന ജബലു റഹ്മ എന്ന കുന്നും പരിസരവും ഹാജിമാരെ കാത്ത് ഒരുങ്ങിക്കഴിഞ്ഞു.

പ്രവാചകൻ നടത്തിയ അറഫാസംഗമം അനുസ്മരിച്ച്. മക്ക ഹറം പള്ളിയിലെ ഇമാമും ഖതീബുമായ ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലില്ല അറഫാ പ്രഭാഷണം നിർവഹിക്കും. ഈ മൈതാനിയിൽ ഉള്ള മസ്ജിദുന്നമിറയിൽ വെച്ചാണ് അറഫാ പ്രഭാഷണം നടക്കുന്നത്. കുറഞ്ഞ ഹാജിമാരെ മാത്രമാകും പള്ളിക്കകത്തേക്ക് പ്രവേശിപ്പിക്കുക. ബാക്കിയുള്ളവർ പുറത്തിരുന്ന് പ്രഭാഷണം കേൾക്കും. 10 ഭാഷകളിലേക്ക് പ്രഭാഷണം തൽസമയം വിവർത്തനം ചെയ്യും. പിന്നാലെ ളുഹ്ർ, അസർ നമസ്കാരങ്ങൾ ഒന്നിച്ചു നിർവഹിക്കും.

അറഫാ പ്രഭാഷണത്തിനു ശേഷം ഹാജിമാർ നാളെ സൂര്യാസ്തമയം വരെ അറഫയിൽ കഴിച്ചു കൂട്ടും. ജീവിതത്തിലെ പാപങ്ങളത്രയും കണ്ണീർ പൊഴിച്ച് പശ്ചാത്താപത്തോടെ അവരേറ്റുപറയും. പിറന്നു വീഴുന്ന കുഞ്ഞിന്റെ ഹൃദയം കണക്കെ ശുദ്ധമായിരിക്കും അറഫയിൽ നിന്നും മടങ്ങുന്ന തീർഥാടകന്റെ മനസ്സ്. സൂര്യാസ്തമയത്തോടെ ഹാജിമാർ മുസ്ദലിഫയിലേക്ക് രാപ്പാർക്കാനായി മടങ്ങും.


Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News