ഇന്ത്യന്‍ സ്‌കൂളുകള്‍ കോ എജുക്കേഷനില്‍ നിന്ന് പിന്‍മാറി

കോ എജുക്കേഷനെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു

Update: 2024-03-25 18:41 GMT
Editor : Anas Aseen | By : Web Desk
Advertising

ദമ്മാം: ദമ്മാം ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ കോഎജുക്കേഷന്‍ സമ്പ്രദായം നടപ്പിലാക്കാനുള്ള തീരുമാനം പിന്‍വലിച്ചു. പുതിയ അധ്യാന വര്‍ഷത്തില്‍ ഏഴ് മുതല്‍ മുകളിലോട്ടുള്ള ക്ലാസുകള്‍ കോ എജുക്കേഷന്‍ സമ്പ്രദായത്തിന് കീഴില്‍ കൊണ്ട് വരാനുള്ള തീരുമാനമാണ് പിന്‍വലിച്ചത്. സ്‌കൂളുകളില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ധൃതിപ്പെട്ട് കോ എജുക്കേഷന്‍ നടപ്പിലാക്കുന്നതിനെതിരെ രക്ഷിതാക്കള്‍ രംഗത്ത് വന്നിരുന്നു.

ഏഴ് മുതല്‍ മുകളിലോട്ടുള്ള ക്ലാസുകളില്‍ കോ എജുക്കേഷന്‍ നടപ്പിലാക്കുന്നത് താല്‍ക്കാലികമായി റദ്ദാക്കിയതായി ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ മുഖേന രക്ഷിതാക്കളെ അറിയിച്ചു. സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ തുടര്‍ന്നാണ് തീരുമാനം താല്‍ക്കാലികമായി മരവിപ്പിക്കുന്നതെന്നും സര്‍ക്കുലര്‍ വിശദീകരിക്കുന്നു.

നിലവിലെ ആറാം തരം വരെയുള്ള ക്ലാസുകളില്‍ മിക്‌സഡ് ക്ലാസുകള്‍ തുടരും. ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളും കോ എജുക്കേഷന്‍ നടപ്പിലാക്കുന്നതില്‍ നിന്നും പിന്‍മാറി. സ്‌കൂളിലും നിലവിലെ സ്ഥിതി തുടരുമെന്ന് മാനേജിംഗ് കമ്മിറ്റി വ്യക്തമാക്കി. ദമ്മാം ജുബൈല്‍ ഉള്‍പ്പെടെയുള്ള സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ സമ്പൂര്‍ണ്ണമായും കോ എജുക്കേഷന്‍ സമ്പ്രദായം നടപ്പിലാക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഇതിനെ തുടര്‍ന്ന് പ്രതിഷേധവുമായി രക്ഷിതാക്കളും പാരന്റ്‌സ് കൂട്ടായ്മകളും രംഗത്തെത്തിയിരുന്നു. സ്‌കൂളുകളില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളേര്‍പ്പെടുത്താതെ ധൃതിപ്പെട്ട് നിയമം നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്താണ് പലരും രംഗത്തെത്തിയത്. കോ എജുക്കേഷന് റദ്ദാക്കാനുള്ള സ്‌കൂളിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി രക്ഷിതാക്കളും കൂട്ടായ്മകളും അറിയിച്ചു. വാര്‍ഷിക പരീക്ഷ കഴിഞ്ഞ് അടച്ച സ്‌കൂളുകള്‍ എപ്രില്‍ പതിനാലിന് പുതിയ അധ്യാന വര്‍ഷത്തിലേക്ക് കടക്കും.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News