വാടക കൂട്ടാൻ രേഖയില്ലാതെ വാടകക്ക് നൽകി; സൗദിയിൽ 14 പ്രൊജക്ടുകളുടെ കമ്പനി മേധാവികളെ റേഗ പബ്ലിക് പ്രോസിക്യൂഷന് കൈമാറി
റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിക്കുന്ന ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ നിർദേശം
റിയാദ്: വാടക കൂട്ടാൻ രേഖയില്ലാതെ വാടകക്ക് നൽകിയ 14 പ്രൊജക്ടുകളുടെ കമ്പനി മേധാവികളെ സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി (റേഗ) പബ്ലിക് പ്രോസിക്യൂഷന് കൈമാറി. റിയൽ എസ്റ്റേറ്റ് ഓഫ്-പ്ലാൻ വിൽപനയിൽ ആവശ്യമായ ലൈസൻസുകൾ ഇല്ലാതെ വിൽപന നടത്തുകയും ഗുണഭോക്താക്കളിൽ നിന്ന് പണം ശേഖരിക്കുകയുമായിരുന്നു. രാജ്യത്തെ വിവിധ നഗരങ്ങളിലായാണ് ലംഘനങ്ങൾ രേഖപ്പെടുത്തിയത്.
റിയൽ എസ്റ്റേറ്റ് മേധാവികൾ ഓഫ്-പ്ലാൻ വിൽപനയും ലീസിങ്ങും സംബന്ധിച്ച നിയമങ്ങൾ പൂർണമായി പാലിക്കണം. പരസ്യം ചെയ്യുന്നതിനോ വിൽക്കുന്നതിനോ പണം ശേഖരിക്കുന്നതിനോ മുമ്പ് ആവശ്യമായ ലൈസൻസുകൾ നേടണം. നിയമവിരുദ്ധ റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളോ വഞ്ചനാപരമായ പരസ്യങ്ങളോ റേഗ അംഗീകരിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് നിയമങ്ങളെ ദുർബലപ്പെടുത്തുന്നതും വിപണിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതുമായ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും റേഗ അറിയിച്ചു.
പ്രൊജക്ടുകളുടെ ലൈസൻസിന്റെ നിയമസാധുത ഔദ്യോഗിക ചാനലുകളിലൂടെ പരിശോധിച്ച ശേഷം മാത്രം പ്രൊജക്ടുകൾ വാങ്ങണമെന്ന് നിക്ഷേപകരോട് റേഗ നിർദേശിച്ചു. റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിക്കാവുന്ന ഏതൊരു ലംഘനങ്ങളും റിപ്പോർട്ട് ചെയ്യണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.