ആണവ-റേഡിയോളജിക്കൽ അടിയന്തരാവസ്ഥ; അന്താരാഷ്ട്ര സമ്മേളനം സൗദിയിൽ
ഡിസംബർ 1 മുതൽ 4 വരെ റിയാദിലാണ് സമ്മേളനം
Update: 2025-11-04 13:13 GMT
റിയാദ്: ന്യൂക്ലിയർ ആൻഡ് റേഡിയോളജിക്കൽ റെഗുലേറ്ററി അതോറിറ്റി അന്താരാഷ്ട്ര ആണവ ഊർജ ഏജൻസിയുമായി സഹകരിച്ച് നടത്തുന്ന അന്താരാഷ്ട്ര സമ്മേളനത്തിന് സൗദി ആതിഥേയത്വം വഹിക്കും. ഡിസംബർ 1 മുതൽ 4 വരെ റിയാദിൽ നടക്കുന്ന സമ്മേളനത്തിൽ അന്താരാഷ്ട്ര സഹകരണം, ആണവ-റേഡിയോളജിക്കൽ അടിയന്തരാവസ്ഥകൾക്കുള്ള തയ്യാറെടുപ്പുകൾ എന്നിവ ചർച്ചയാകും.
സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ന്യൂക്ലിയർ ആൻഡ് റേഡിയോളജിക്കൽ റെഗുലേറ്ററി അതോറിറ്റി സ്ഥിരീകരിച്ചു. ഈ മേഖലയിലെ ഏറ്റവും പുതിയ ശാസ്ത്രീയ വികസനങ്ങൾ, നൂതനാശയങ്ങൾ, ഗവേഷണങ്ങൾ അവലോകനം ചെയ്യൽ എന്നിവയുണ്ടാകും. അംഗരാജ്യങ്ങളുടെ ശക്തി വികസിപ്പിക്കുന്നതിനും ദേശീയ, അന്തർദേശീയ തലങ്ങളിൽ ആണവ സുരക്ഷാ സംവിധാനങ്ങളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിനുള്ള അടിയന്തര ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമാകും.