അന്താരാഷ്ട്ര വാട്ടർ റെഗുലേഷൻ ഫോറം നവംബർ 1 ന് റിയാദിൽ; 4 അന്താരാഷ്ട്ര സംഘടനകൾ പങ്കെടുക്കും
ജല മേഖലയിലെ മാറ്റങ്ങളെ നേരിടാൻ കാര്യക്ഷമമാമായ സംവിധാനങ്ങൾ നിർമിക്കാൻ ഇത് സഹായകമാകും.
റിയാദ്: സൗദി വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ നവംബർ 1-ന് റിയാദിൽ ആദ്യത്തെ ജല നിയന്ത്രണ ഫോറം സംഘടിപ്പിക്കുന്നു. ഇന്റർനാഷണൽ ഡിസാലിനേഷൻ ആന്റ് റീയൂസ് അസോസിയേഷന്റെ പങ്കാളിത്തത്തോടെ നടക്കുന്ന ഈ ഫോറത്തിൽ 4 അന്താരാഷ്ട്ര സംഘടനകളും 25 അന്താരാഷ്ട്ര റെഗുലേറ്ററി ബോഡികളും പങ്കെടുക്കും.
ഗൾഫ് രാജ്യങ്ങൾ, അമേരിക്കൻ ഭൂഖണ്ഡങ്ങൾ, യൂറോപ്പ്, പസഫിക് എന്നിവിടങ്ങളിൽ നിന്നുള്ള നിയന്ത്രണ അനുഭവങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര വേദിയായി ഈ ഫോറം പ്രവർത്തിക്കും. കംപ്ലയൻസ് മോഡലുകൾ, പ്രകടനം നിരീക്ഷിക്കൽ, സർക്കാർ-സ്വകാര്യ മേഖലകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സംയോജിത പങ്കാളിത്തം എന്നിവയും ഇവിടെ ചർച്ച ചെയ്യപ്പെടും. ജല മേഖലയിലെ മാറ്റങ്ങളെ നേരിടാൻ കൂടുതൽ വഴക്കമുള്ളതും കാര്യക്ഷമവുമായ സംവിധാനങ്ങൾ നിർമിക്കാൻ ഇത് സഹായകമാകും.
ജല സുരക്ഷ ഉറപ്പാക്കുന്നതിലും സേവനങ്ങളുടെ കാര്യക്ഷമത ഉയർത്തുന്നതിലും നിയന്ത്രണങ്ങളുടെ പ്രാധാന്യം ചർച്ച ചെയ്യും. കൂടാതെ, ജല സംവിധാനങ്ങൾ പരിമിതമായ പ്രദേശങ്ങളിലെ ആഗോള പാഠങ്ങൾ വിലയിരുത്തുകയും മികച്ച റെഗുലേറ്ററി സമ്പ്രദായങ്ങൾ രൂപീകരിക്കാനുള്ള മുൻഗണനകൾ നിശ്ചയിക്കുകയും ചെയ്തുകൊണ്ട് ഫോറം സമാപിക്കും.