കലാലയം സാഹിത്യോത്സവ് ഡിസം.25ന് സകാകയില്‍
സംഘാടക സമിതി രൂപീകരിച്ചു
സകാക: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) അല്‍ജൗഫ് സോണ്‍ കലാലയം സാംസ്‌കാരിക വേദി പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരിച്ചു. ഡിസംബര്‍ 25ന് സകാകയില്‍ സാഹിത്യോത്സവ് അരങ്ങേറും. സൗദി ഈസ്റ്റിലെ പത്ത് സോണുകളിലായി നടക്കുന്ന പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായാണ് അല്‍ജൗഫിലും സാഹിത്യ മേള.
കലാസാഹിത്യ മേഖലകളിലെ വ്യത്യസ്ത വിഭാഗങ്ങളിലായി 80-തിലധികം മത്സര ഇനങ്ങളാണ് സാഹിത്യോത്സവിന്റെ പ്രധാന ആകര്‍ഷണം. 30 വയസ്സ് തികയാത്ത സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. സ്‌കൂള്‍ അടിസ്ഥാനത്തില്‍ നടക്കുന്ന കാമ്പസ് സാഹിത്യോത്സവം ഇത്തവണ വിപുലമായി നടക്കും.
സകാക ഐ.സി.എഫ് ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സൗദി നാഷണല്‍ പ്രസിഡന്റ് അബ്ദുറശീദ് സഖാഫി മുക്കം ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.സി നാഷണല്‍ സെക്രട്ടറി ഡോ. നൗഫല്‍ അഹ്‌സനി സന്ദേശപ്രഭാഷണം നടത്തി. നാഷണല്‍ ഇ.ബി അംഗം അബ്ദുല്‍ ഖാദിര്‍ ജീലാനി സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. അബ്ദുറശീദ് എരഞ്ഞിമാവ് (ചെയര്‍മാന്‍), സുധീര്‍ ഹംസ (കണ്‍വീനര്‍) എന്നിവരടങ്ങിയ വിപുലമായ സംഘാടക സമിതിയാണ് നിലവില്‍ വന്നത്. സംഗമത്തില്‍ ശാഹിദ് മുക്കം സ്വാഗതവും ഉബൈദ് താനൂര്‍ നന്ദിയും പറഞ്ഞു.