റമദാൻ അവസാന പത്ത്: ഉംറ തീർഥാടകരെ സ്വീകരിക്കാനൊരുങ്ങി മക്കയും മദീനയും
സേവനങ്ങൾക്കായി 18,000 ജീവനക്കാരെ വിന്യസിച്ചു
മക്ക: റമദാനിലെ അവസാന പത്തുദിനങ്ങളിൽ മക്കയിലും മദീനയിലും എത്തുന്ന ഉംറ തീർഥാടകർക്കും സന്ദർശകർക്കും മികച്ച സേവനം ഉറപ്പാക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളുമായി സൗദി മുനിസിപ്പാലിറ്റി ഭവന മന്ത്രാലയം. രണ്ട് വിശുദ്ധ നഗരങ്ങളിലുമായി 18,000ത്തിലധികം ജീവനക്കാരെയും ആറായിരത്തോളം വാഹനങ്ങളുമാണ് ശുചീകരണത്തിനും മറ്റ് സേവന പ്രവർത്തനങ്ങൾക്കുമായി വിന്യസിച്ചിരിക്കുന്നത്. തീർഥാടകർക്ക് സുരക്ഷിതവും ചിട്ടയുള്ളതുമായ അന്തരീക്ഷത്തിൽ കർമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്നതിനാണ് മന്ത്രാലയം ഈ പ്രത്യേക കർമ്മപദ്ധതി നടപ്പിലാക്കുന്നത്.
മക്കയിൽ മാത്രം 13,000 ജീവനക്കാർ രാപ്പകൽ സേവനരംഗത്തുണ്ട്. ഹറം പള്ളിയുടെ പരിസരപ്രദേശങ്ങളിലെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം ഗതാഗതക്കുരുക്ക് കുറയ്ക്കാൻ 42,000ത്തിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന അഞ്ച് വലിയ പാർക്കിംഗ് കേന്ദ്രങ്ങളും സജ്ജമാക്കി. മദീനയിൽ അയ്യായിരത്തിലധികം ജീവനക്കാരും ആയിരത്തിലേറെ വാഹനങ്ങളും സേവനത്തിനായി രംഗത്തുണ്ട്. ഭക്ഷണശാലകളിലെ പരിശോധന കർശനമാക്കുന്നതിനൊപ്പം സന്ദർശകർക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളും നഗരസഭകൾ സജ്ജീകരിച്ചിട്ടുണ്ട്.