Writer - razinabdulazeez
razinab@321
ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ റീട്ടെയിൽ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് 400-ാമത് ഷോറൂം ആരംഭിച്ചുകൊണ്ട് കമ്പനിയുടെ വളർച്ചാ പാതയിൽ സുപ്രധാന നാഴികക്കല്ല് സൃഷ്ടിച്ചു. ബ്രാൻഡിന്റെ അതിവേഗത്തിലുള്ള ആഗോള വികസന നടപടികളെ ശക്തിപ്പെടുത്തിക്കൊണ്ട് നോയിഡയിലെ സെക്ടര് 18 ലാണ് 400-ാമത് ഷോറൂം ആരംഭിച്ചത്. ഷോറൂമിന്റെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് നിർവഹിച്ചു. മലബാർ ഗ്രൂപ്പ് ഇന്ത്യാ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷര്, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി വീരാൻകുട്ടി, ഗ്രൂപ്പ് സിഎംഒ സലീഷ് മാത്യു, റീട്ടെയിൽ ഓപ്പറേഷൻ ഹെഡ് (റെസ്റ്റ് ഓഫ് ഇന്ത്യ) പി.കെ.സിറാജ്, നോർത്ത് റീജ്യണൽ ഹെഡ് എൻ.കെ.ജിഷാദ്, മറ്റ് മാനേജ്മെന്റ് ടീം അംഗങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
നിലവിൽ 13 രാജ്യങ്ങളിൽ സാന്നിധ്യമുള്ള മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന് 63,000 കോടി രൂപയുടെ വിറ്റുവരവാണുള്ളത്. സമീപ ഭാവിയിൽ വിറ്റുവരവ് 78,000 കോടി രൂപയായി വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിട്ടുള്ളത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 15 രാജ്യങ്ങളിലേക്കും ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലേക്കും 3 കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും സാന്നിധ്യം വ്യാപിപ്പിച്ചുകൊണ്ട് 60 ഷോറൂമുകൾ തുറക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ 400-ാമത് ഷോറൂം നോയിഡയിൽ ആരംഭിക്കാനായതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും ആഗോള തലത്തിൽ ഞങ്ങൾക്ക് അതിവേഗമുണ്ടായിക്കൊണ്ടിരിക്കുന്ന വളർച്ചയുടെ ഭാഗമായാണ് ഈ നാഴികക്കല്ല് പിന്നിടാനായതെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ് പറഞ്ഞു.
1993-ല് മലബാർ ഗ്രൂപ്പ് സ്ഥാപിതമായതു മുതൽ ESG (പരിസ്ഥിതി, സാമൂഹിക, ഭരണം) നയങ്ങളെ അടിസ്ഥാനമാക്കിയാണ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. ഗ്രൂപ്പിന്റെ മൊത്തം ലാഭത്തിന്റെ 5 ശതമാനം വിവിധ സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങൾക്കായി നീക്കിവെയ്ക്കുന്നുണ്ട്. ആരോഗ്യം, വിശപ്പ് രഹിത ലോകം, ഭവന നിർമാണം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.
വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിർത്തിക്കൊണ്ട് വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നതിനായി മലബാർ ഗ്രൂപ്പ് ആരംഭിച്ച പദ്ധതിയാണ് ഹംഗർ ഫ്രീ വേൾഡ് പദ്ധതി. നിലവിൽ ഇന്ത്യയിലും ആഫ്രിക്കൻ രാജ്യമായ സാംബിയയിലുമായി ദിനംപ്രതി 80,000 പേർക്ക് ഭക്ഷണ പൊതികൾ നൽകി വരുന്നുണ്ട്.