മീഡിയവൺ സൂപ്പർ കപ്പിലേക്ക് സൗദി; ജിദ്ദയിൽ ഈ മാസം 23ന് തുടക്കം
റിയാദിൽ കിക്കോഫ് 30ന്
റിയാദ്: സൗദിയിലെ റിയാദിലും ജിദ്ദയിലും മീഡിയവൺ സംഘടിപ്പിക്കുന്ന സൂപ്പർ കപ്പിനായുള്ള ഒരുക്കം തുടങ്ങി. പത്ത് ദിവസം മാത്രമാണ് ജിദ്ദയിലെ മത്സരത്തിലേക്കുള്ളത്. ഈ മാസം 23ന് നഗരത്തിൽ സൂപ്പർകപ്പ് തുടങ്ങുക. റിയാദിൽ 30നാണ് കിക്കോഫ്. ജിദ്ദയിലും റിയാദിലും എട്ട് പ്രമുഖ ടീമുകളാണ് കളത്തിലിറങ്ങുക.
രണ്ട് ടൂർണമെൻറുകളിലും ട്രോഫിയും കാഷ്‌പ്രൈസുകളുമാണ് ടീമുകളെ കാത്തിരിക്കുന്നത്. ജിദ്ദയിലേക്ക് ആദ്യമായാണ് മീഡിയവൺ സൂപ്പർ കപ്പ് എത്തുന്നത്. സൗദിയിലെ തന്നെ ഫുട്‌ബോളിന്റെ ഈറ്റില്ലമായ ജിദ്ദയിലേക്കെത്തുന്ന മീഡിയവൺ സൂപ്പർകപ്പ് കാഴ്ചക്കാർക്ക് പുത്തൻ അനുഭവമാകും. ജില്ല ഒളിമ്പിക് വില്ലേജ് സ്റ്റേഡിയത്തിലാണ് നയൻസ് ഫോർമാറ്റിലുള്ള മത്സരങ്ങൾ. ഒക്ടോബർ 24നാണ് ഫൈനൽ.
റിയാദിൽ ഒക്ടോബർ 30നാണ് കിക്കോഫ്. സൗദിയിലെ എട്ട് മുൻനിര ടീമുകൾ പങ്കെടുക്കുന്ന ഇലവൻസ് മത്സരം ശക്തമായ പോരാട്ടമാകും. മികച്ച സ്റ്റേഡിയത്തിനൊപ്പം സാങ്കേതിക വിദ്യകളും ഉപയോഗിക്കും. നവബംർ ആറിന് സെമി ഫൈനലും ഏഴിന് ഫൈനലും ഒരുക്കും. ദിറാബിലെ ദുറത്ത് മലാബ് സ്റ്റേഡിയമാണ് വേദി. ഒരുക്കം റിഫയുടെ മേൽനോട്ടത്തിലാണ് പൂർത്തിയാകുന്നത്.
ജിദ്ദയും റിയാദും ഇത്തവണയും കാഴ്ചക്കാർക്ക് മുമ്പിൽ മികച്ച താരങ്ങളെ എത്തിക്കും. നാട്ടിൽ നിന്ന് താരങ്ങളെ എത്തിക്കാനും ടീമുകൾ ശ്രമിക്കുന്നത്. സംഘടിപ്പിച്ച ഇടങ്ങളിലെല്ലാം ജനകീയമായ മീഡിയവൺ സൂപ്പർകപ്പ് ഇത്തവണയും കാഴ്ചക്കാർക്ക് പുതിയ അനുഭവമാകും.