തീർഥാടകരെ നിയന്ത്രിക്കുന്നതിലും സഹായിക്കുന്നതിലും നുസുക് കാർഡ് സഹായകരമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

മക്കയിൽ നിയമലംഘകരായ മൂന്ന് ലക്ഷത്തോളം പേർ പിടിയിലായി

Update: 2024-06-14 18:19 GMT

ജിദ്ദ: മക്കയിൽ നിയമലംഘകരായ മൂന്ന് ലക്ഷത്തോളം പേർ പിടിയിലായി. വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണത്തെ ഹജ്ജിന് മന്ത്രാലയം ഒരുക്കിയിട്ടുള്ളത്. തീർഥാടകരെ നിയന്ത്രിക്കുന്നതിലും സഹായിക്കുന്നതിലും നുസുക് കാർഡ് സുപ്രധാന പങ്കുവഹിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നുസുക് കാർഡ് നഷ്ടപ്പെട്ടാൽ ലളിതമായ നടപടിക്രമങ്ങളിലൂടെ വീണ്ടെടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കുന്ന യൗമു തർവ്വിയ്യ എന്നറിയപ്പെടുന്ന ദുൽഹജ്ജ് എട്ടിന് തീർഥാടകർ മിനയിൽ തങ്ങും. എന്നാൽ ഹജ്ജ് പെർമിറ്റിനോടൊപ്പം നുസുക് കാർഡും കൈവശം ഉള്ളവർക്ക് മാത്രമേ മിനയിലേക്ക് പ്രവേശിക്കാനാകൂ. പുണ്യ സ്ഥലങ്ങളിലെ തിരക്ക് കുറക്കാനും തീർഥാടകരുടെ സഞ്ചാരം സുഗമമാക്കാനും ഈ നിയന്ത്രണത്തിലൂടെ സാധിക്കും. ഹജ്ജ് ചട്ടങ്ങൾ ലംഘിച്ചവരും പെർമിറ്റ് കൈവശം വെക്കാത്തവരുമായ മൂന്ന് ലക്ഷത്തോളം പേർ ഇത് വരെ പിടിയിലായി. അതിൽ 153,998 പേർ സന്ദർശന വിസയിലെത്തിയ വിദേശികളാണ്.

Advertising
Advertising

ഹജ്ജ് വേളയിൽ ഉടനീളം നുസുക് കാർഡ് കൈവശം വെക്കണമെന്ന് അധികൃതർ തീർഥാടകരെ ഓർമിപ്പിച്ചു. കാർഡ് നഷ്ടപ്പെട്ടാൽ ആശങ്കപ്പെടേണ്ടതില്ല. ലളിതമായ നടപടിക്രമങ്ങളിലൂടെ വീണ്ടെടുക്കാവുന്നതാണ്. നുസുക് ആപ്ലിക്കേഷനിലുള്ള കാർഡിന്റെ ഡിജിറ്റൽ പതിപ്പ് അധികൃതർക്ക് മുന്നിൽ ഹാജരാക്കിയാൽ പുതിയ കാർഡ് ലഭിക്കും. ഇതിനായി തീർഥാടകൻ നേരിട്ട് പോകേണ്ടതില്ല. ഗ്രൂപ്പ് അമീറിനെയോ ലീഡറേയോ ചുമതലപ്പെടുത്താമെന്നും മന്ത്രാലയം വ്യക്തമാക്കി. സുരക്ഷ, ആരോഗ്യം, സേവനം, ലോജിസ്റ്റിക്സ് മേഖലകളിലെല്ലാം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓരോ തീർഥാടകനും മികച്ച പരിചരണവും ശ്രദ്ധയും ലഭിക്കുംവിധമാണ് ക്രമീകരണങ്ങൾ.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News