സൗദി ലേബര്‍ കോടതികളിലെ കേസുകളില്‍ അധികവും വേതനവുമായി ബന്ധപ്പെട്ടത്
രാജ്യത്ത് പ്രത്യേക ലേബര്‍ കോടതികള്‍ സ്ഥാപിതമായത് മുതല്‍ ഒരു ലക്ഷത്തി അറുപത്തിയെട്ടായിരം വിധികള്‍ പുറപ്പെടുവിച്ചതായി മന്ത്രാലയം വെളിപ്പെടുത്തി
ദമ്മാം: രാജ്യത്തെ ലേബര്‍ കോടതികളിലെത്തുന്ന കേസുകളില്‍ ഭൂരിഭാഗവും വേതനവുമായി ബന്ധപ്പെട്ട പരാതികളെന്ന് നീതിന്യായ മന്ത്രാലയത്തിന്‍റെ വെളിപ്പെടുത്തല്‍. രാജ്യത്ത് പ്രത്യേക ലേബര്‍ കോടതികള്‍ സ്ഥാപിതമായത് മുതല്‍ പുറപ്പെടുവിച്ച വിധികളില്‍ മുപ്പത്തിയഞ്ച് ശതമാനവും വേതന സംരക്ഷണവുമായി ബന്ധപ്പെട്ടതാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സൗദി നീതി ന്യായ മന്ത്രാലയമാണ് കണക്കുകള്‍ പുറത്ത് വിട്ടത്.
രാജ്യത്ത് പ്രത്യേക ലേബര്‍ കോടതികള്‍ സ്ഥാപിതമായത് മുതല്‍ ഒരു ലക്ഷത്തി അറുപത്തിയെട്ടായിരം വിധികള്‍ പുറപ്പെടുവിച്ചതായി മന്ത്രാലയം വെളിപ്പെടുത്തി. ഇവയില്‍ മുപ്പത്തിയഞ്ച് ശതമാനവും വേതന സുരക്ഷയുമായി ബന്ധപ്പെട്ട വിധികളാണ്. അറുപതിനായിരത്തിലധികം വരുമിത്. കഴിഞ്ഞ വര്‍ഷം അറുപത്തി മൂവായിരത്തിലധികം വിധികളാണ് ലേബര്‍ കോടതികള്‍ വഴി തീര്‍പ്പാക്കിയത്. വേതന പരാതികള്‍ക്ക് പുറമേ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുന്നതിലെ തര്‍ക്കം, ഗാര്‍ഹിക സേവന കേസുകള്‍, ബോണസ്, നഷ്ടപരിഹാരം, അലവന്‍സുകള്‍, എന്നിവ സംബന്ധിച്ചുള്ള പരാതികളിലും തീര്‍പ്പു കല്‍പ്പിച്ചു. ഈ വര്‍ഷം ഇതിനകം ഇരുപതിനായിരത്തിലധികം കേസുകളില്‍ ലേബര്‍ കോടതികള്‍ വിധി പുറപ്പെടുവിച്ചു കഴിഞ്ഞെന്നും നീതി ന്യായ മന്ത്രാലയം വിശദീകരിച്ചു.
Most of the cases in the Saudi Labour courts are related to wages