സൗദിയിൽ മധുരപാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവനുസരിച്ച് നികുതി; പുതിയ നിയമം പ്രാബല്യത്തിൽ
പൊതുജനാരോഗ്യ സംരക്ഷണം മുഖ്യ ലക്ഷ്യം
റിയാദ്: സൗദി അറേബ്യയിൽ മധുരപാനീയങ്ങൾക്ക് അവയിലടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ തോത് കണക്കാക്കി നികുതി ചുമത്തുന്ന പുതിയ പരിഷ്കാരം പ്രാബല്യത്തിലായി. നിലവിലുണ്ടായിരുന്ന ഫ്ലാറ്റ് റേറ്റ് സെലക്ടീവ് നികുതി ഒഴിവാക്കിയാണ്, പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കിയുള്ള രീതി നടപ്പിലാക്കിയത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പഞ്ചസാരയുടെ അമിത ഉപഭോഗം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. പുതിയ നികുതി നയം വ്യാവസായ ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജി.സി.സി രാജ്യങ്ങളുടെ സംയുക്ത തീരുമാനപ്രകാരമാണ് സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഈ നിയമം നടപ്പിലാക്കുന്നത്.
പുതിയ നിയമപ്രകാരം പാനീയങ്ങളെ നാല് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. പഞ്ചസാര അടങ്ങാത്തതും, കൃത്രിമ മധുരം മാത്രം ചേർത്തതുമായ പാനീയങ്ങൾക്കും, 100 മില്ലി ലിറ്ററിൽ 5 ഗ്രാമിൽ താഴെ പഞ്ചസാരയുള്ള പാനീയങ്ങൾക്കും നികുതിയില്ല. എന്നാൽ 100 മില്ലി ലിറ്ററിൽ 5 മുതൽ 7.99 ഗ്രാം വരെ പഞ്ചസാരയുള്ള പാനീയങ്ങൾക്ക് ലിറ്ററിന് 0.79 റിയാലും, 8 ഗ്രാമോ അതിലധികമോ പഞ്ചസാരയുള്ളവയ്ക്ക് ലിറ്ററിന് 1.09 റിയാലുമാണ് നികുതി. പുതിയ നയത്തിൽ കാർബണേറ്റഡ് സോഡാ പാനീയങ്ങളെ പ്രത്യേക നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉൽപാദകരോ ഇറക്കുമതിക്കാരോ നിശ്ചയിച്ച വിലയോ അതോറിറ്റി നിശ്ചയിക്കുന്ന അടിസ്ഥാന വിലയോ ഏതാണോ കൂടുതൽ, അതിന്മേലായിരിക്കും നികുതി ഈടാക്കുക. നികുതി വിവരങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകുന്ന ഉൽപാദകർക്കും ഇറക്കുമതിക്കാർക്കുമെതിരെ കർശനമായ പിഴ ശിക്ഷകൾ നൽകുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.