200 മില്യൺ റിയാൽ നിക്ഷേപം: ദമ്മാം പോർട്ടിൽ പുതിയ ലോജിസ്റ്റിക്‌സ് കേന്ദ്രം വരുന്നു
സൗദി പോർട്ട്സ് അതോറിറ്റിയും അറാസ്‌കോ കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചു
ദമ്മാം: സൗദിയിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്ത് പുതിയ ലോജിസ്റ്റിക്‌സ് കേന്ദ്രം സ്ഥാപിക്കുന്നു. ഇതിനായുള്ള സുപ്രധാന കരാറിൽ സൗദി പോർട്ട്സ് അതോറിറ്റിയും അറബ് കമ്പനി ഫോർ അഗ്രികൾച്ചറൽ സർവീസസുമായി ഒപ്പിട്ടു. 200 മില്യൺ സൗദി റിയാൽ ചെലവിലാണ് പദ്ധതി നടപ്പാക്കുക.
സൗദിയുടെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താനും രാജ്യത്തെ ഒരു ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി. 40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുങ്ങുന്ന ഈ കേന്ദ്രം രാജ്യത്തെ വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കും. പുതിയ ലോജിസ്റ്റിക്‌സ് കേന്ദ്രം തുറക്കുന്നതോടെ തുറമുഖത്തിന്റെ ധാന്യം ഇറക്കാനും സംഭരിക്കാനുമുള്ള ശേഷി വർധിക്കും. ഒരു ലക്ഷം മെട്രിക് ടൺ വരെ ധാന്യം സംഭരിക്കാൻ ശേഷിയുള്ള വെയർഹൗസുകളാണ് ഇവിടെ സ്ഥാപിക്കുക. കൂടാതെ, ചരക്ക് നീക്കം കാര്യക്ഷമമാക്കാൻ വാഹനങ്ങളിൽ ലോഡ് ചെയ്യുന്നതിനുള്ള അത്യാധുനിക സൗകര്യവും കൺവെയർ ബെൽറ്റുകളും കപ്പലുകളിൽ നിന്ന് ചരക്കിറക്കാനുള്ള ഉപകരണങ്ങളും ഇവിടെ സജ്ജമാക്കും. തുറമുഖത്തെ 37, 39 ബെർത്തുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാകും ഇതിന്റ പ്രവർത്തനം.
പദ്ധതി വഴി 3,000ത്തിലധികം നേരിട്ടുള്ളതും അല്ലാത്തതുമായ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താനും ഈ നിക്ഷേപം സഹായിക്കും. തുറമുഖത്തെ ഈ പുതിയ വികസനം ലോക വിപണികളുമായുള്ള രാജ്യത്തിന്റെ ബന്ധം കൂടുതൽ ശക്തമാക്കുന്നതിൽ നിർണായകമാകും.