വിദേശത്ത് നിന്ന് നേരിട്ട് ഉംറ അപേക്ഷകൾ സമർപ്പിക്കാം; 'നുസുക് ഉംറ' സേവനം ആരംഭിച്ചു

വിസ, താമസം, യാത്ര എല്ലാം ഡിജിറ്റലായി ബുക്ക് ചെയ്യാം

Update: 2025-08-20 16:14 GMT

മക്ക: വിദേശത്ത് നിന്നും ഇടനിലക്കാരില്ലാതെ നേരിട്ട് ഉംറക്ക് അപേക്ഷിക്കാൻ അവസരമൊരുക്കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. 'നുസുക് ഉംറ' എന്ന പേരിൽ ഡിജിറ്റൽ സംവിധാനം വഴിയാണ് സേവനം. umrah.nusuk.sa എന്ന പ്ലാറ്റ്ഫോം വഴി ഒരു ഇടനിലക്കാരന്റെയും സഹായമില്ലാതെ നേരിട്ട് ഉംറ വിസയ്ക്ക് അപേക്ഷിക്കാനും ഉംറ നിർവ്വഹിക്കാനും സൗകര്യമൊരുക്കുന്നതാണ് പദ്ധതി. തീർഥാടകർക്ക് വിദേശത്ത് വെച്ച് നേരിട്ട് സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. വിസകൾ, താമസം, ഗതാഗതം, പുണ്യ സ്ഥലങ്ങളിലെ സന്ദർശനം , ഗൈഡിംഗ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള സംയോജിത പാക്കേജുകളായും, അല്ലെങ്കിൽ നിശ്ചിത സേവനങ്ങൾ മാത്രമായോ തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നതാണ് നുസുക് ഉംറ പദ്ധതി.

തീർഥാടകന്റെ അഭിരുചിക്കും, ആഗ്രഹങ്ങൾക്കും, അഭിലാഷങ്ങൾക്കും അനുസൃതമായി പാക്കേജുകൾ തെരഞ്ഞെടുക്കാമെന്നാതാണ് ഇതിന്റെ പ്രത്യേകത. ആദ്യ ഘട്ടത്തിൽ ഏഴ് ഭാഷകളിലായാണ് സേവനം ലഭിക്കുക. ഒന്നിലധികം പേയ്മെന്റ് ഓപ്ഷനുകളും ഈ സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. അപേക്ഷ സമർപ്പിക്കുന്നത് മുതൽ എൻട്രി വിസ നേടുന്നത് വരെയുള്ള എല്ലാ നടപടിക്രമങ്ങളും ഇലക്ട്രോണിക് രീതിയിൽ പൂർത്തിയാക്കാം എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News