പുതിയ ഉംറ സീസണിന് തുടക്കം; ഒരു കോടിയോളം പേർ ഇക്കുറി ഉംറക്കെത്തും

ഇന്ന് രാത്രി കഅ്ബയെ പുതിയ പുടവ അണിയിക്കും

Update: 2022-07-29 18:45 GMT
Advertising

ഹിജ്റ വർഷം പിറക്കുന്ന നാളെ പുതിയ ഉംറ സീസണിന് തുടക്കമാകും. ഇതിനു മുന്നോടിയായി ഇന്ന് രാത്രി കഅ്ബയെ പുതിയ കിസ്‍വ പുടവ അണിയിക്കും. ഒരു കോടിയോളം പേർ ഈ ഹിജ്റ വർഷത്തിൽ ഉംറക്കെത്തുമെന്നാണ് പ്രതീക്ഷ.

12 മാസവും ഏകദേശം 354 ദിവസവുമുള്ളതും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ളതുമാണ് ഹിജ്റ വർഷം. പ്രവാചകനായ മുഹമ്മദ് നബി മക്കയിലെ താമസക്കാരായ ഖുറൈശികളുടെ അക്രമണം സഹിക്കവയ്യാതെ മദീനയിലേക്ക് പലായനം ചെയ്തത് അടിസ്ഥാനപ്പെടുത്തിയുള്ള ചന്ദ്രമാസ കാലഗണനയാണ്‌ ഹിജ്റ വർഷം. നബി പലായനം ചെയ്ത എ.ഡി 622 മുതലാണ് ഹിജ്റ വർഷം തുടങ്ങുന്നത്.

ഇതിലെ ആദ്യ മാസമായ മുഹറം തുടങ്ങുന്നത് നാളെയാണ്. ഇതാണ് ഉംറ സീസണിന്‍റെ പുതിയ വർഷത്തെ തുടക്കവും. ഒരു കോടിയോളം പേർ പുതിയ വർഷത്തിൽ മക്കയിൽ ഉംറക്കായെത്തും. ഹജ്ജ് സീസൺ പൂർത്തിയാക്കി മക്കയോട് തീർഥാടകരുടെ അവസാന സംഘങ്ങൾ വിടപറയുന്ന ഘട്ടംകൂടിയാണിത്. കേരളത്തിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകരുടെ അവസാന സംഘം ആഗസ്റ്റ് നാലിനാണ് നാട്ടിൽ തിരികെയെത്തുക. ഹജ്ജിലെ അറഫാ ദിനത്തിന് തൊട്ടടുത്ത ദിവസമായ ദുൽഹജ്ജ് മാസം പത്തിന് കഅ്ബയെ കിസ്‍വ പുടവ അണിയിക്കാറുണ്ട്. കഅ്ബയെ പുതപ്പിക്കുന്ന ഈ കറുത്ത പുടവ കോവിഡ് സാഹചര്യവും ഹറമിലെ തീർഥാടകരുടെ തിരക്കും കണക്കിലെടുത്ത് മുഹറം ഒന്നിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാത്രി ഇശാ നമസ്കാരത്തിന് ശേഷം കഅ്ബക്ക് പുതിയ പുടവ അണിയിക്കുന്ന ചടങ്ങ് തുടങ്ങും. രാത്രി പന്ത്രണ്ട് മണിയോടെ ചടങ്ങ് പൂർത്തിയാകും.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News