റോബ്ലോക്സ് ഗെയിമിന് സൗദിയിൽ നിയന്ത്രണം; വോയ്‌സ്, ടെക്സ്റ്റ് ചാറ്റുകൾ ഇനി ലഭിക്കില്ല
കുട്ടികളുടെ അക്കാദമിക മികവിനെ വരെ ഗെയിം ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു
റിയാദ്: റോബ്ലോക്‌സ് ഗെയിമിന് സൗദിയിൽ നിയന്ത്രണം ഏർപ്പെടുത്തി. ഗെയിമിലെ വോയ്‌സ്, ടെക്സ്റ്റ് ചാറ്റുകൾ ഇനി ലഭിക്കില്ല. ഓഡിയോ വിഷ്വൽ മീഡിയ അതോറിറ്റിയുടേതാണ് നടപടി. കുട്ടികളുടെ അക്കാദമിക മികവിനെ വരെ ഗെയിം ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി പല രാജ്യങ്ങളും ഗെയിം നിരോധിച്ചിട്ടുണ്ട്.
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ ഉപയോഗിക്കുന്ന ഓൺലൈൻ ഗെയിമാണ് റോബ്ലോക്‌സ്. 2004ൽ തുടങ്ങിയ റോബ്ലോക്‌സിൽ ആർക്കും സ്വന്തമായി ഗെയിം സൃഷ്ടിക്കാം. സൃഷ്ടിച്ച ഗെയിം മറ്റുള്ളവർക്ക് ഉപയോഗിക്കുകയും ചെയ്യാം. ഇതിലെ സോഷ്യൽ പ്ലാറ്റ്‌ഫോം വഴി കുട്ടികൾക്ക് ഏതൊരാളുമായി ചാറ്റ് ചെയ്യാനാകും. രക്ഷിതാക്കളുടെ മേൽനോട്ടമില്ലെങ്കിൽ വൻ അപകട സാധ്യത ഇതിലുണ്ട്. സാധാരണ ഗെയിമുകളുടെ ലോഗോയല്ലാത്തതിനാൽ രക്ഷിതാക്കൾക്ക് റോബ്ലോക്‌സ് ഗെയിം തിരിച്ചറിയാനും പ്രയാസമാണ്. ഇത് തിരിച്ചറിഞ്ഞാണ് റോബ്ലോക്‌സ് ഗെയിമിലെ ടെക്സ്റ്റ്, വോയ്‌സ് ചാറ്റിങ് സൗദി ജനറൽ അതോറിറ്റി ഫോർ ഓഡിയോ വിഷ്വൽ മീഡിയ ഇതിന് വിലക്കേർപ്പെടുത്തിയത്. ഗെയിം ദുരന്തത്തിലേക്ക് നയിക്കുന്നുണ്ടെങ്കിൽ ഇടപെടാൻ അറബി സംസാരിക്കുന്ന മോഡറേറ്റർമാരെ നിയമിക്കാനും പ്ലാറ്റ്‌ഫോമിനോട് മന്ത്രാലയം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ കണക്ക് പ്രകാരം എട്ടരക്കോടിയിലേറെ കുട്ടികൾ ഇതുപയോഗിക്കുന്നുണ്ട്. റോബ്ലോക്‌സ് സ്റ്റുഡിയോ ഉപയോഗിച്ച് കുട്ടികൾ സ്വന്തം ഗെയിമുകൾ ഉണ്ടാക്കാം. ഇത് പ്രോഗ്രാമിംഗും ഡിസൈനും പഠിക്കാൻ സഹായിക്കുന്നു എന്നാണ് കമ്പനിയുടെ വാദം. കുട്ടികൾ റോബ്ലോക്‌സിൽ അധിക സമയം ചെലവഴിച്ചാൽ പഠനവും ഉറക്കവും ബാധിക്കും. റോബക്‌സ് എന്ന വെർച്വൽ കറൻസി വാങ്ങാൻ കുട്ടികൾ മാതാപിതാക്കളുടെ പണം ഉപയോഗിച്ചേക്കാമെന്നും മുന്നറിയിപ്പുകൾ പറയുന്നു. ലൈംഗികത ഉൾപ്പെടെ മോശം ഉള്ളടക്കങ്ങൾ ചെറു പ്രായത്തിൽ തന്നെ കുട്ടികൾ കാണുന്നുവെന്നത് കുട്ടികളുടെ മാനസിക നിലയെ തന്നെ ബാധിക്കും. തുർക്കി, ഒമാൻ, ഖത്തർ, കുവൈത്ത് തുടങ്ങി പല രാജ്യങ്ങളും ഗെയിം പൂർണമായും നിരോധിച്ചിട്ടുണ്ട്. പല രാജ്യങ്ങളും ഉള്ളടക്കം നിയന്ത്രിച്ചും നടപടിയെടുത്തിട്ടുണ്ട്. രക്ഷിതാക്കളുടെ മേൽനോട്ടമില്ലെങ്കിൽ കുട്ടികളുടെ പഠന മികവിനെ തന്നെ ഗെയിം ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.