റിയാദിൽ ഏറ്റവും വലിയ വിമാനത്താവളമൊരുക്കാന്‍ പദ്ധതിയുമായി സൗദി

430 ബില്യൺ ഡോളറാണ് സൗദി അറേബ്യ സിവിൽ ഏവിയേഷൻ മേഖലയിൽ നിക്ഷേപിക്കാൻ പോകുന്നത്

Update: 2021-06-24 18:05 GMT
Editor : Suhail | By : Web Desk
Advertising

ടൂറിസം മേഖലയിലെ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് സൗദി അറേബ്യ റിയാദിൽ ഏറ്റവും വലിയ വിമാനത്താവളമൊരുക്കും. സൗദി എയർലൈൻസിനെ ഇസ്‍ലാമിക് ടൂറിസം കേന്ദ്രങ്ങളിലേക്ക് ഉപയോഗിക്കാനും പദ്ധതിയുണ്ട്. ഇതിനോടൊപ്പം സൗദി അറേബ്യ പുതിയ വിമാനക്കമ്പനിയും തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

430 ബില്യൺ ഡോളറാണ് സൗദി അറേബ്യ സിവിൽ ഏവിയേഷൻ മേഖലയിൽ നിക്ഷേപിക്കാൻ പോകുന്നത്. സൗദി കിരീടാവകാശിയുടെ പദ്ധതിയാണിത്. ഇതിന്റെ ഭാഗമായാണ് പുതിയ എയർലൈനും റിയാദിൽ വിമാനത്താവളവും സൃഷ്ടിക്കുക.

പൂർണമായും ടൂറിസത്തിന്റെ ഭാഗമായാണ് പുതിയ എയർലൈൻ കമ്പനി പ്രവർത്തിക്കുക. അന്താരാഷ്ട്ര ബിസിനസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേ സമയം, നിലവിലുള്ള സൗദി എയർലൈൻസിനെ ജിദ്ദ, മക്ക, മദീന കേന്ദ്രീകരിച്ച് ഇസ്‍ലാമിക് ടൂറിസം ലക്ഷ്യം വെച്ചുള്ള യാത്രക്കും ഉപയോഗിക്കും.

സൗദിയിലെ പൊതു നിക്ഷേപ ഫണ്ടിന് കീഴിലായിരിക്കും റിയാദിലെ പുതിയ വിമാനത്താവളം. ഇതെത്ര വലുപ്പമുള്ളതാകുമെന്നതും എന്നു സ്ഥാപിക്കുമെന്ന കാര്യത്തിലും അന്തിമ ധാരണയിലെത്തിയിട്ടില്ല. 2030 ഓടെ നൂറ് ദശലക്ഷം ടൂറിസ്റ്റുകളെ സൗദിയിലെത്തിക്കുകയാണ് ലക്ഷ്യം. 2019നേക്കാൾ ആറ് മടങ്ങായാരിക്കും ഇത്.

നിലവിൽ സൗദി എയർലൈൻസിന് പുറമെ ഇതേ കമ്പനിയുടെ ഫ്ലൈ അദീലും, വലീദ് ഇബ്നു തലാൽ രാജകുമാരന്റെ ഫ്ലൈനാസുമാണ് സൗദിയുടേതായുള്ള വിമാനങ്ങൾ. എണ്ണേതര വരുമാനം ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതികൾ.

Editor - Suhail

contributor

By - Web Desk

contributor

Similar News