മലയാളിയുടെ കൊലപാതകം: സൗദി, യമൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി
പലചരക്ക് കടയിൽ ജീവനക്കാരനായിരുന്ന മലപ്പുറം സ്വദേശി സിദ്ദീഖ് 2017ലാണ് കൊല്ലപ്പെട്ടത്
റിയാദ്: മലയാളിയെ കൊന്ന് കൊള്ളയടിച്ച കേസിൽ റിയാദിൽ യമൻ, സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. 2017ൽ മലപ്പുറം പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ സിദ്ദീഖിനെ കൊന്ന കേസിലാണ് സൗദി ആഭ്യന്തര മന്ത്രാലയം ശിക്ഷ നടപ്പാക്കിയത്. ആളില്ലാത്ത സമയത്ത് സിദ്ദീഖ് ജോലി ചെയ്ത കടയിലെത്തിയാണ് പ്രതികൾ കൃത്യം നടത്തിയത്. ക്രൂരമായ ഈ കൊലപാതക കേസിൽ ഒത്തുതീർപ്പ് ശ്രമം കോടതി തള്ളിയിരുന്നു.
2017 ജൂലൈ 21ന് സൗദിയിലെ റിയാദിലെ അസീസിയിലായിരുന്നു സംഭവം. ഇവിടെ പലചരക്ക് കടയിൽ ജീവനക്കാരനായിരുന്നു മലപ്പുറം പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി എ.പി സിദ്ദീഖ്. പൊലീസ് റിപ്പോട്ട് പ്രകാരം ഇവിടെ ആളില്ലാത്ത സമയത്തെത്തിയ ഹൈവേ കൊള്ള സംഘമാണ് സിദ്ദീഖിനെ ആക്രമിച്ചത്. കടയിലെ പണം തട്ടാനുള്ള ശ്രമം തടയുന്നതിനിടെ തലക്ക് തുടരെ അടിയേറ്റും കുത്തേറ്റും സിദ്ദീഖ് വീഴുകയായിരുന്നു. പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
കടയുടമ നൽകിയ പരാതിയിൽ അതിവേഗത്തിൽ പ്രതികൾ പിടിയിലായി. സൗദി പൗരനായ റയ്യാൻ അൽ ഷഹ്‌റാനി, യമൻ പൗരൻ അബ്ദുല്ല ബാസഅദ് എന്നിവരായിരുന്നു പ്രതികൾ. രണ്ട് പേരും മയക്കുമരുന്ന് അടിമകളായിരുന്നു. കേസിൽ അപ്പീൽ കോടതിയും സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചതോടെ ഇന്ന് റിയാദിൽ വധശിക്ഷ നടപ്പാക്കി.
കൊല്ലപ്പെടുമ്പോൾ 45 വയസ്സായിരുന്നു സിദ്ദീഖിന് പ്രായം. മൂന്ന് മക്കളും ഭാര്യയും നാട്ടിലായിരുന്നു. കേസ് ഫോളോ ചെയ്തത് റിയാദിലെ സാമൂഹ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരാണ്. പ്രതികളുടെ കുടുംബം നഷ്ടപരിഹാരം നൽകി ഒത്തു തീർപ്പിന് ശ്രമിച്ചെങ്കിലും കോടതി തള്ളി. പ്രതികളുടെ മയക്കുമരുന്ന് പശ്ചാത്തലം, ക്രൂരമായ കൊലപാതകം എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷയിലേക്ക് നീങ്ങിയത്. പാവങ്ങളെ ആക്രമിച്ച്, പണം മോഷ്ടിച്ച്, ജീവിതത്തിനുള്ള അവകാശം നിഷേധിച്ച പ്രതികൾ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തതെന്ന് കോടതി പറഞ്ഞു. വ്യക്തിയുടെ സുരക്ഷ രാജ്യത്തിന്റെ സുരക്ഷ, നീതി എന്നിവക്കെതിരെയാണ് പ്രതികൾ പ്രവർത്തിച്ചത്. ഇതുപോലെ ചെയ്യുന്ന ആർക്കും ഇതു തന്നെയായിരിക്കും ശിക്ഷയെന്നും കോടതി മുന്നറിയിപ്പ് നൽകി. മലയാളികൾ കൊല്ലപ്പെട്ട രണ്ട് വ്യത്യസ്ത കേസുകളിൽ കഴിഞ്ഞ വർഷം നാല് സൗദികൾക്കും ഒരു ഈജിപ്ഷ്യനും വധശിക്ഷ നടപ്പാക്കിയിരുന്നു.