തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തി സൗദി

വർക്ക് പെർമിറ്റില്ലാതെ വിദേശികളെ നിയമിച്ചാൽ പിഴ, അൻപതിൽ കൂടുതൽ വനിതകളുള്ള സ്ഥാപനങ്ങൾ നഴ്‌സറി സ്ഥാപിക്കണം

Update: 2025-09-15 16:53 GMT

ദമ്മാം: സൗദിയിൽ തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തി മാനവ വിഭവശേഷി മന്ത്രാലയം. വർക്ക് പെർമിറ്റില്ലാതെ വിദേശ തൊഴിലാളിയെ ജോലിക്ക് നിയമിച്ചാൽ പതിനായിരം റിയാൽ പിഴ ചുമത്തും. അൻപതിൽ കൂടുതൽ വനിതാ ജീവനക്കാരുള്ള സ്ഥാപനങ്ങൾ കുട്ടികൾക്കായി നഴ്‌സറി സൗകര്യമൊരുക്കണം. പ്രസവാവധി പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴയുൾപ്പെടെയുള്ള നടപടിപടികൾക്കും പുതുക്കിയ നിയമത്തിൽ വ്യവസ്ഥ.

സൗദി തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങളുടെയും ശിക്ഷകളുടെയും പട്ടികയിലാണ് മാനവ വിഭവശേഷി മന്ത്രാലയം കരട് ഭേദഗതി വരുത്തിയത്. ലൈസൻസില്ലാതെ റിക്രൂട്ട്മെന്റിലോ തൊഴിൽ പ്രവർത്തനങ്ങളിലോ ഏർപ്പെടുന്നതിനുള്ള ശിക്ഷ കടുപ്പിക്കുന്നതാണ് ഇതിൽ പ്രാധനപ്പെട്ടവ. 20 ജീവനക്കാരുള്ള സ്ഥാപനങ്ങൾ, 21 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ, 50 മുതൽ മുകളിൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് ശിക്ഷ നടപടികൾ വിഭാവനം ചെയ്യുന്നത്.

Advertising
Advertising

വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യുന്ന ഓരോ വിദേശ തൊഴിലാളിക്കും 10,000 റിയാൽ വീതം പിഴ ചുമത്തും. അൻപതോ അതിൽ കൂടുതലോ വനിതാ ജീവനക്കാരുള്ള സ്ഥാപനങ്ങൾ കുട്ടികൾക്കായി നഴ്‌സറി സൗകര്യമൊരുക്കണം. പ്രസവാവധി പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ആയിരം റിയാൽ പിഴ ചുമത്തും. ജോലിയുടെ സ്വഭാവത്തിന് അനുയോജ്യമായ യൂണിഫോമുകൾ കമ്പനികൾ ഉറപ്പ് വരുത്തണമെന്നും നിയമം നിഷ്‌കർഷിക്കുന്നു. രാജ്യത്തെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും തൊഴിൽപരവും ആരോഗ്യപരവുമായ സുരക്ഷയും ഉയർന്ന മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടാണ് ഭേദഗതിയെന്നും മന്ത്രാലയം വിശദീകരിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News