അല്‍ദുറ ഓഫ്‌ഷോര്‍ പദ്ധതിക്ക് സൗദിയും കുവൈത്തും തമ്മിൽ ധാരണ
പ്രതിദിനം ഒരു ബില്യണ്‍ ഘനയടി പ്രകൃതി വാതകം ഉല്‍പാദിപ്പിക്കും
അല്‍ദുറ ഓഫ്‌ഷോര്‍ വാതകപ്പാടം വികസനത്തിന് സൗദിയും കുവൈത്തും തമ്മില്‍ ധാരണയിലെത്തി. പ്രതിദിനം ഒരു ബില്യണ്‍ ഘനയടി പ്രകൃതി വാതക ഉല്‍പാദനം ലകഷ്യമിടുന്നതാണ് പദ്ധതി.
സൗദിയും കുവൈത്തും അതിർത്തി പങ്കിടുന്ന പ്രദേശമാണ് അല്‍ദുറ. പ്രകൃതി വാതകശേഖരം അടങ്ങിയ ഇവിടെ നിന്ന് വ്യവസായികാടിസ്ഥാനത്തില്‍ വാതക ഉല്‍പാദനത്തിനുള്ള പദ്ധതി ഇരു രാജ്യങ്ങളും അംഗീകരിച്ചു. പദ്ധതി സംബന്ധിച്ച കരാറില്‍ സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനും കുവൈത്ത് ഊര്‍ജ മന്ത്രി ഡോ. മുഹമ്മദ് അല്‍ഫാരിസും ഒപ്പുവച്ചു.
കടലില്‍ സ്ഥിതി ചെയ്യുന്ന അല്‍ദുറ വാതകപ്പാടത്തില്‍ നിന്നും പ്രതിദിനം ഒരു ബില്യണ്‍ ഘനയടി പ്രകൃതി വാതകവും 84,000 ബാരല്‍ ഘനീകൃത വാതകവും ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അത്യാധുനികവും പരിസ്ഥിതി സൗഹൃദവുമായ രീതികള്‍ ഉപയോഗിച്ചായിരിക്കും ഉല്‍പാദനം. സൗദിയിലെ അരാംകോ ഗള്‍ഫ് ഓപ്പറേഷന്‍സ് കമ്പനിയും കുവൈത്ത് ഗള്‍ഫ് ഓയില്‍ കമ്പനിയും സംയുക്തമായാണ് വാതക ഉല്‍പ്പാദനം നടത്തുക. പദ്ധതി വഴിയുള്ള വരുമാനം ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യമായി വിഭജിക്കും.