നിയമവിരുദ്ധ സോമാലിലാന്റ് സന്ദർശനം; ഇസ്രായേൽ നീക്കത്തെ അപലപിച്ച് സൗദി
21 അറബ്-ഇസ്ലാമിക രാജ്യങ്ങളും സന്ദർശനത്തെ അപലപിച്ചു
റിയാദ്: ഇസ്രായേൽ നടത്തിയ നിയമവിരുദ്ധ സോമാലിലാന്റ് സന്ദർശനത്തെ ശക്തമായി അപലപിച്ച് സൗദിയുൾപ്പടെ 22 അറബ്-ഇസ്ലാമിക രാജ്യങ്ങൾ. ജനുവരി 6-ന് ഇസ്രയേൽ ഉദ്യോഗസ്ഥൻ നടത്തിയ സന്ദർശനത്തെയാണ് െഅപലപിച്ചത്. സൊമാലിയയുടെ പരമാധികാരത്തിന്റെയും പ്രദേശിക അഖണ്ഡതയുടെയും വ്യക്തമായ ലംഘനമാണിതെന്ന് അറബ് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവർത്തിച്ചു.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഖത്തർ, ഒമാൻ, കുവൈത്ത്, അൾജീരിയ, ബംഗ്ലാദേശ്, കൊമോറോസ്, ജിബൂട്ടി, ഈജിപ്ത്, ഗാംബിയ, ഇന്തോനേഷ്യ, ഇറാൻ, ജോർദാൻ, ലിബിയ, മാലിദ്വീപ്, നൈജീരിയ, പാകിസ്താൻ, ഫലസ്തീൻ, സൊമാലിയ, സുഡാൻ, തുർക്കി, യമൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ഒഐസിയും പുറപ്പെടുവിച്ച പ്രസ്താവനയിൽ അസ്ഥിരത നേരിടുന്ന മേഖലയിൽ വിഘടനവാദ അജണ്ടകളെ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു നടപടിയെയും തള്ളിക്കളയുന്നതായി വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങൾ ബഹുമാനിക്കലും പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കലും പ്രാദേശിക-അന്താരാഷ്ട്ര സുരക്ഷയ്ക്ക് അടിസ്ഥാനമാണെന്ന് മന്ത്രിമാർ ഊന്നിപ്പറഞ്ഞു. സൊമാലിയ ഗവൺമെന്റ് സ്വീകരിക്കുന്ന നിയമ-നയതന്ത്ര നടപടികൾക്ക് തുടർച്ചയായ പിന്തുണ ഉറപ്പുനൽകി. സൊമാലിയയുടെ പരമാധികാരവും പ്രദേശിക അഖണ്ഡതയും ബഹുമാനിക്കാനും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും മന്ത്രിമാർ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.