സൗദിയിൽ നിന്നും മത്സ്യം കയറ്റുമതി ചെയ്യുന്നത് 35 രാജ്യങ്ങളിലേക്ക്: ഫിഷറീസ് വകുപ്പ്
മത്സ്യബന്ധനത്തിലും കയറ്റുമതിയിലും വലിയ വർധനവ്
ദമ്മാം: സൗദിയുടെ മത്സ്യബന്ധനത്തിലും കയറ്റുമതിയിലും വലിയ വർധനവ്. രാജ്യത്ത് ഏറ്റവും കൂടുതൽ വളർച്ച കൈവരിച്ചു വരുന്ന മേഖലയായി മത്സ്യബന്ധന മേഖല മാറി. 2016ന് ശേഷം മത്സ്യ ബന്ധന മേഖല 400 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ഫിഷറീസ് മന്ത്രാലയ വക്താവ് അബ്ദുൽ മജീദ് സാദ് അൽ ശഹരി പറഞ്ഞു. 35 രാജ്യങ്ങളിലേക്ക് സൗദി അറേബ്യ മത്സ്യം കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം മത്സ്യ ഉൽപാദനം 1,60,000 ടണ്ണിലേക്ക് ഉയർന്നു. രാജ്യത്തെ മത്സ്യ ആവശ്യകതക്കുള്ള സ്വയം പര്യാപ്തത 58 ശതമാനത്തിലെത്തിയതായും സാദ് അൽ ശഹരി വിശദീകരിച്ചു. റിയാദിൽ സംഘടിപ്പിച്ചു വരുന്ന ഫിഷറീസ് എക്‌സിബിഷനായ സമക്കിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേളയുടെ ആദ്യ ദിനത്തിൽ 200 കോടി റിയാലിൻറെ കരാറുകളിൽ ഒപ്പ് വെച്ചതായി മന്ത്രാലയ അധികൃതർ വ്യക്തമാക്കി. അന്താരാഷ്ട്ര ഫിഷറീസ് എക്‌സിബിഷന്റെ നാലാം പതിപ്പിനാണ് റിയാദിൽ തുടക്കമായത്. പ്രദർശനം നാളെ അവസാനിക്കും.