ജിദ്ദയിൽ അന്താരാഷ്ട്ര അറബിഭാഷ സാഹിത്യ സമ്മേളനത്തിന് തുടക്കം; ഡോ. ഹുസൈൻ മടവൂർ പങ്കെടുക്കും

ഇരുനൂറോളം ഭാഷാ പണ്ഡിതന്മാർ ഭാ​ഗമാകും

Update: 2026-02-07 11:15 GMT
Editor : Mufeeda | By : Web Desk

ജിദ്ദ: എട്ടാമത് അറബി ഭാഷാ സാഹിത്യ സമ്മേളനത്തിന് ജിദ്ദയിൽ തുടക്കമായി. ഭാഷ:വിനിമയത്തിൽ നിന്ന് വിജ്ഞാന നവീകരണത്തിലേക്കും സർഗ്ഗാത്മകതയിലേക്കും എന്ന പ്രമേയത്തിലാണ് ത്രിദിന സമ്മേളനം. സൗദിയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ഗവേഷകരും അക്കാദമിക രംഗത്തുള്ളവരും സമ്മേളനത്തിൽ പങ്കെടുക്കും. ജനറൽ അതോറിറ്റി ഫോർ എക്സിബിഷൻസ് ആൻഡ് കോൺഫറൻസസിന്റെ കീഴിലാണ് സമ്മേളനം.

ഇന്ത്യയിൽ നിന്ന് പ്രമുഖ അറബി ഭാഷാ പണ്ഡിതനും ഡൽഹിയിലെ ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ഹുസൈൻ മടവൂർ പങ്കെടുക്കും. ഭാഷാ വ്യാകരണ സെഷനിൽ ഹുസൈൻ മടവൂർ അധ്യക്ഷത വഹിക്കും. അറബി ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസം, ഗവേഷണം, അക്കാദമിക രംഗത്തെ അറിവുകളുടെ കൈമാറ്റം തുടങ്ങിയവയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകരായ സൗദി അറേബ്യൻ നോളജ് എൻറിച്ചിങ് സെന്റർ, മക്കയിലെ അറബിക് ലാംഗ്വേജ് അക്കാദമി ഭാരവാഹികൾ പറഞ്ഞു.

Advertising
Advertising

ഡിജിറ്റൽ പരിവർത്തന കാലഘട്ടത്തിലെ അറബി ഭാഷാ പഠന സാധ്യതകൾ, അറബി ഭാഷയുടെയും സാഹിത്യത്തിന്റെയും ആധുനിക വികാസം, വൈവിധ്യമാർന്ന ഗവേഷണ പ്രബന്ധങ്ങളുടെ അവതരണം എന്നിവയാണ് പ്രധാന ചർച്ചാ സെഷനുകൾ. നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തി അറബി ഭാഷാ പഠന രംഗത്ത് പുതിയ വാതായനങ്ങൾ തുറക്കുന്നതിനും വിജ്ഞാന വ്യാപനത്തിനും ഭാഷാ പഠിതാക്കൾക്ക് പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനും ഈ ആഗോള ഭാഷാ പണ്ഡിത സംഗമം വഴിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ജിദ്ദയിലെ കോർണിഷ് ഹോളിഡേ ഇൻ ഹോട്ടൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ വിവിധ സെഷനുകളിലായി ഇരുനൂറോളം ഭാഷാ പണ്ഡിതന്മാർ പങ്കെടുക്കും. ഇന്നലെ തുടങ്ങിയ സമ്മേളനം ഞായറാഴ്ച സമാപിക്കും.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News