ഇന്ന് സൗദി സ്ഥാപക ദിനം: പൈതൃകവും ചരിത്രവും ആഘോഷമാക്കി രാജ്യം
ഇന്ന് മുതൽ ഒരാഴ്ച നീളുന്ന ആഘോഷം സൗദിയുടെ എല്ലാ പ്രവിശ്യകളിലുമുണ്ടാകും
മൂന്ന് നൂറ്റാണ്ടോളം പഴക്കമുള്ള രാജ്യത്തിന്റെ ചരിത്രം ഓർമപ്പെടുത്തി സ്ഥാപക ദിനാഘോഷത്തിലാണ് ഇന്ന് സൗദി അറേബ്യ. രാജ്യത്തെ 13 പ്രവിശ്യകളിലും സ്ഥാപക ദിന ആഘോഷം തുടരുകയാണ്. നാളെ മുതൽ പ്രധാന പരിപാടികൾക്കും തുടക്കമാകും.
ഇന്ന് മുതൽ ഒരാഴ്ച നീളുന്ന ആഘോഷം സൗദിയുടെ എല്ലാ പ്രവിശ്യകളിലുമുണ്ടാകും. രാജ്യത്തെ എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് പൊതു അവധിയാണ്. നാളെ സ്വകാര്യ മേഖലയിലെ കൂടുതൽ സ്ഥാപനങ്ങൾ ജീവനക്കാർക്ക് അവധി നൽകിയിട്ടുണ്ട്. ഇതോടെ നാല് ദിനം ആഘോഷം തുടരും. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലാണ് പ്രധാന പരിപാടികളെല്ലാം. 1727 ൽ ഇമാം മുഹമ്മദ് ബിൻ സൗദിന്റെ നേതൃത്വത്തിൽ ആദ്യ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമ പുതുക്കുകയാണ് ഈ ദീനം.
രാഷ്ട്രത്തിന്റെ ചരിത്രവും പൈതൃകവും ഓർമിക്കുന്ന ആഘോഷങ്ങളാണ് പ്രധാനപ്പെട്ടത്. അയ്യായിരത്തോളം കലാകാരന്മാർ പങ്കെടുക്കുന്ന ഘോഷയാത്ര വെള്ളിയാഴ്ച റിയാദിൽ അരങ്ങേറും. മൂന്ന് നൂറ്റാണ്ട് മുമ്പ് മുതൽ സൗദിയിലെ ജനത തുടർന്നു പോരുന്ന നൃത്തങ്ങൾ, വിരുന്ന് രീതികൾ, സാംസ്കാരിക ആഘോഷങ്ങൾ എന്നിവ സ്ഥാപക ദിനത്തിൽ വിവിധ പരിപാടികളിലൂടെ ജനങ്ങളിലെത്തിക്കുകയാണ്. പരിപാടികളിൽ പ്രവാസികളുടെ സാന്നിധ്യവും പ്രകടമാണ്