ഗസ്സയിലേക്ക് സൗദി സഹായം: അൽ നാസർ ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ എത്തിക്കും
ആശുപത്രിയോട് ചേർന്ന് പ്രത്യേക വെയർഹൗസും ചരക്ക് സംഭരണത്തിനായി ഒരുക്കിയിട്ടുണ്ട്
ഗസ്സയിലെ അൽ നാസർ ആശുപത്രിയിലേക്ക് സഹായവുമായി സൗദി അറേബ്യ. കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന് കീഴിലാണ് ഗസ്സയിലേക്ക് സൗദിയുടെ സഹായം എത്തിക്കുന്നത്. ഗസയിലെ അൽ നാസർ മെഡിക്കൽ കോംപ്ലക്‌സിൽ കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ സഹായ കേന്ദ്രം കഴിഞ്ഞ ദിവസം ഒരുക്കിയിരുന്നു. മെഡിക്കൽ സാമഗ്രികൾ ഇവിടെ എത്തിച്ചിട്ടുണ്ട്. ഇവിടെ ഒരുക്കിയ വെയർഹൗസിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കുന്നുണ്ട്. ഈജിപ്തിൽ നിന്നും കരമാർഗമാണ് സഹായമെത്തിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി, ഡയാലിസിസ് വിഭാഗത്തെ ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങളും യന്ത്രസാമഗ്രികളും ഉപയോഗിച്ച് സജ്ജീകരിച്ചു. ചടങ്ങിൽ നാസർ മെഡിക്കൽ കോംപ്ലക്‌സിന്റെ ഡയറക്ടർ ഡോ. അതെഫ് അൽ-ഹൗതും സംബന്ധിച്ചു. ഇതിനിടെ സൗദി സഹായങ്ങളുമായി അറുപതിലേറെ ചരക്കു വിമാനങ്ങളാണ് ഈജിപ്തിലേക്ക് പറന്നത്. ഇവ ട്രക്കുകളിൽ ഗസ്സയിലെത്തിച്ച് വിതരണം തുടരുന്നുണ്ട്.