ഉംറ, സന്ദർശക വിസകൾ വീണ്ടും അനുവദിച്ച് സൗദി
ഹജ്ജിനെ തുടർന്ന് നിർത്തിവെച്ചിരുന്നു
റിയാദ്: സൗദി ഉംറ, സന്ദർശക വിസകൾ വീണ്ടും അനുവദിച്ചു തുടങ്ങി. ഉംറ വിസക്കാർക്ക് നാളെ മുതൽ സൗദിയിലേക്ക് പ്രവേശിച്ചു തുടങ്ങാം. സന്ദർശക വിസക്കാർക്ക് നേരത്തെയുണ്ടായിരുന്നു ഒരു വർഷത്തേക്കുള്ള വിസകളും ലഭ്യമായി തുടങ്ങി.
ഇന്നലെ മുതൽ ഉംറ വിസകൾ അനുവദിച്ചു തുടങ്ങി. നേരത്തെ പ്രഖ്യാപിച്ചിരുന്നതാണിത്. സൗദിയിലുള്ളവർക്കും വിദേശത്തുള്ളവർക്കും നാളെ മുതൽ മക്കയിലേക്ക് ഉംറക്കായി എത്താം. എന്നാൽ ഹാജിമാർ മക്കയോട് വിടപറഞ്ഞ് പോകാൻ ഒരു മാസത്തോളം സമയമെടുക്കും. അതുവരെ കനത്ത തിരക്ക് ഹറമിലുണ്ടാകും.
ഉംറ വിസക്കൊപ്പം നേരത്തെ നിർത്തി വെച്ചിരുന്ന സന്ദർശക വിസകളും പുനഃസ്ഥാപിച്ചു. ഒരു വർഷം കാലാവധിയുള്ള മൂന്ന് മാസം അടുപ്പിച്ച് നിൽക്കാവുന്ന ഫാമിലി വിസിറ്റ് വിസകളും ഇന്നലെ രാത്രി മുതൽ ലഭ്യമായി. നേരത്തെ ഹജ്ജിന് മുന്നോടിയായി ഇവ നിർത്തി വെച്ചിരുന്നു. വിസ സ്റ്റാമ്പിങിന് വിഎഫ്എസിൽ അപ്പോയിന്റ്‌മെന്റും നിലവിൽ ലഭിക്കുന്നുണ്ട്. ഓൺലൈൻ വഴി നേരത്തെ ഇവ പുതുക്കാൻ സാധിച്ചിരുന്നു. ഈ സംവിധാനവും ഉടൻ പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് സൗദി പ്രവാസികൾ.