മൂന്ന് സെമസ്റ്റർ രീതി നിർത്തലാക്കുന്നു; സൗദിയിൽ സ്‌കൂളുകൾ വീണ്ടും രണ്ട് സെമസ്റ്ററിലേക്ക്
അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും
റിയാദ്: സൗദി അറേബ്യയിലെ സ്‌കൂളുകളിൽ അധ്യയനം വീണ്ടും രണ്ട് സെമസ്റ്റർ രീതിയിലേക്ക് മാറ്റാൻ തീരുമാനമായി. നിലവിൽ നാല് വർഷമായി തുടരുന്ന മൂന്ന് സെമസ്റ്റർ സമ്പ്രദായം ഇതോടെ അവസാനിക്കും. അടുത്ത അധ്യയന വർഷം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ നിയോമിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുമായി നടത്തിയ വിശദമായ പഠനങ്ങൾക്ക് ശേഷമാണ് പുതിയ മാറ്റം. വിദ്യാഭ്യാസത്തിന്റെ നിലവാരം സെമസ്റ്ററുകളുടെ എണ്ണത്തെ ആശ്രയിക്കുന്നില്ലെന്ന് ഈ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.
പുതിയ തീരുമാനം വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. പഠനത്തിന്റെ ഭാരം കുറയ്ക്കുന്നതിനും കൂടുതൽ കാര്യക്ഷമമായ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഈ മാറ്റം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിസഭയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. അടുത്ത രണ്ടര ആഴ്ചയ്ക്കുള്ളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുമെന്നാണ് സൂചന.